covid

കൊല്ലം: ഗൃഹചികിത്സയിൽ കഴിയാൻ സൗകര്യമില്ലാത്ത നഗരത്തിലെ കൊവിഡ് ബാധിതർക്കായി നഗരസഭയുടെ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ഉടൻ പ്രവർത്തനം ആരംഭിക്കും. കോളേജ് ജംഗ്ഷനിലെ ബിഷപ്പ് എൻജിനിയറിംഗ് കോളേജിൽ ചികിത്സാകേന്ദ്രം ആരംഭിക്കാനുള്ള ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്.

നഗരത്തിലെ തീരദേശത്തടക്കം ഒറ്റമുറി വീടുകളിൽ താമസിക്കുന്നവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. വീട്ടിലെ ആദ്യ കൊവിഡ് ബാധിതൻ അവിടെത്തന്നെ ചികിത്സയിൽ കഴിയുന്നതിനാൽ കുടുംബാംഗങ്ങൾക്കെല്ലാം രോഗം ബാധിക്കുന്ന സ്ഥിതിയാണ്. നഗരത്തിലെ ഒട്ടുമിക്ക പ്രദേശങ്ങളിലും ഈ പ്രശ്നമുണ്ട്. കൊവിഡ് നിയന്ത്രിക്കാനുള്ള എല്ലാ പരിശ്രമങ്ങളും താളംതെറ്റുന്ന സാഹചര്യത്തിലാണ് വീട്ടിൽ സൗകര്യമില്ലാത്തവർക്കായി പ്രത്യേക ചികിത്സാകേന്ദ്രം ആരംഭിക്കുന്നത്.

 200 കിടക്കകൾ, 2 ആംബുലൻസുകൾ

ബിഷപ്പ് എൻജിനിയറിംഗ് കോളേജിലെ ചികിത്സാ കേന്ദ്രത്തിൽ 200 കിടക്കകളാണ് സജ്ജമാക്കിയിട്ടുള്ളത്. നഗരത്തിലെ രണ്ട് സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ആരോഗ്യ വകുപ്പാണ് പ്രവേശനം നൽകുന്നത്. എന്നാൽ പുതിയ ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രത്തിൽ നഗരസഭയുടെ മേൽനോട്ടത്തിലാകും കൊവിഡ് ബാധിതരെ പ്രവേശിപ്പിക്കുക. കേന്ദ്രത്തിലേക്ക് രോഗികളെ എത്തിക്കാനും ആരോഗ്യനില വഷളായാൽ ആശുപത്രിയിലേക്ക് മാറ്റാനുമായി രണ്ട് ആംബുലൻസുകളും വാടകയ്ക്കെടുക്കും.

ഷൈൻ കോംപ്ലക്സിൽ ആരംഭിച്ച മറ്റൊരു ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററും ഉടൻ തന്നെ ഔദ്യോഗികമായി പ്രവർത്തനം തുടങ്ങും. ഇവിടത്തെ ഒരു നില പൊലീസുകാർക്ക് നിരീക്ഷണത്തിൽ കഴിയാൻ നേരത്തേ നൽകിയിരുന്നു. മറ്റൊരു നില നഗരസഭയിലെ ജീവനക്കാർക്ക് നിരീക്ഷണത്തിൽ കഴിയാൻ മാറ്റിവച്ചിരിക്കുകയാണ്.

 '' നഗരത്തിൽ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ ഊർജ്ജിതമായി നടന്നുവരികയാണ്. നഗരവാസികൾക്ക് മാത്രമായുള്ള ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ അടുത്ത ദിവസം തന്നെ പ്രവർത്തനം തുടങ്ങും. പൊതുസ്ഥലങ്ങൾ, രോഗബാധിതരുടെ വീടുകൾ, എത്തിയ സ്ഥലങ്ങൾ എന്നിവ അണുവിമുക്തമാക്കുന്നുണ്ട്. നഗരത്തിലെ എല്ലാ പി.എച്ച്.സികൾക്കും ആവശ്യമുള്ള മരുന്നുകൾ വാങ്ങിനൽകാനും തീരുമാനിച്ചിട്ടുണ്ട്.''

പി.ജെ. രാജേന്ദ്രൻ (ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ)

 നഗരത്തിൽ ഇന്നലെ 169 പേർ

 ചികിത്സയിലുള്ളവർ: 2411

 ആകെ കൊവിഡ് ബാധിതർ: 5889

 രോഗമുക്തർ: 3442

 മരണം: 36

(ഇന്നലെ ഉച്ചവരെയുള്ള കണക്ക്)