 
6.30 ലക്ഷം രൂപ ചെലവിൽ
കൊല്ലം: സായന്തനങ്ങൾ ആഹ്ളാദകരമാക്കാൻ ചക്കുവരയ്ക്കൽ കളിത്തട്ട് ജംഗ്ഷനിൽ പാർക്ക് ഒരുങ്ങുന്നു. കളിയ്ക്കാനും സൊറപറഞ്ഞിരിക്കാനുമുതകുന്ന പാർക്കാണ് ലക്ഷ്യമിടുന്നത്. വെട്ടിക്കവല ബ്ളോക്ക് പഞ്ചായത്ത് അനുവദിച്ച 6.30 ലക്ഷം രൂപ ഉപയോഗിച്ചാണ് ഗ്രാമത്തിന് നവചൈതന്യമൊരുക്കാൻ പാർക്ക് തയ്യാറാക്കുന്നത്.
കളിത്തട്ടിനരികെ
ക്ഷേത്രവും കളിത്തട്ടുമൊക്കെയായി തീർത്തും പഴമയുടെ പ്രൗഡിയുള്ള ഗ്രാമമാണ് ഇവിടം. തടിയിൽ നിർമ്മിച്ച പഴമയുടെ കളിത്തട്ട് വാഹനം ഇടിച്ച് തകർന്നു. നാടിന്റെ അടയാളമായ കളിത്തട്ട് വെട്ടിക്കവല ഗ്രാമപഞ്ചായത്ത് മുൻകൈയെടുത്ത് കോൺക്രീറ്റിൽ പുനർ നിർമ്മിച്ചിരുന്നു. ഇതിനോട് ചേർന്നുള്ള പൊതുസ്ഥലത്താണ് ഇപ്പോൾ പാർക്കും ഒരുക്കിയെടുക്കുന്നത്. ഷട്ടിൽ കോർട്ട്, സിമന്റ് ബഞ്ചുകൾ, പൂന്തോട്ടം, കുട്ടികൾക്കുള്ള വിനോദ സാമഗ്രികൾ എന്നിവയൊക്കെ പദ്ധതിയുടെ ഭാഗമായി തയ്യാറാക്കും. തറ ഓടുപാകി മനോഹരമാക്കും.
ഗാന്ധി പ്രതിമയുമുണ്ടാകും
ഗാന്ധി പ്രതിമ സ്ഥാപിക്കാൻ ലക്ഷ്യമിട്ടിട്ടുണ്ടെങ്കിലും പദ്ധതിയിൽ ഇതിന് തുക വകയിരുത്തിയിട്ടില്ല. എന്നാലും ഗാന്ധിഗ്രാമമെന്ന വാർഡിന്റെ പേരിന് തിലകംചാർത്താൻ ഗാന്ധി പ്രതിമ സ്ഥാപിക്കാനാണ് നാട്ടുകാരുടെ തീരുമാനം. വൈകാതെ ടി.വി കിയോസ്കും സ്ഥാപിക്കുന്നതോടെ സായന്തനങ്ങളിൽ ടി.വി വാർത്തകൾ കേൾക്കാനും അഭിപ്രായങ്ങൾ പറയാനുമൊക്കെ അവസരങ്ങളൊരുങ്ങും. ഇരുപത് സെന്റ് പൊതുസ്ഥലമാണ് ഇവിടെയുള്ളത്. സ്ഥലം പരമാവധി പ്രയോജനപ്പെടുത്തി പാർക്കും അനുബന്ധ സൗകര്യങ്ങളുമൊരുക്കാൻ ജനപ്രതിനിധികൾ താത്പര്യമെടുത്തപ്പോൾ നാടൊന്നടങ്കം അതിനൊപ്പം ചേരുകയാണ്. നിർമ്മാണ പ്രവർത്തനങ്ങൾ കഴിഞ്ഞ ദിവസം തുടങ്ങി. തിരഞ്ഞെടുപ്പ് വിജ്ഞാപനമെത്തുംമുൻപെ പരമാവധി നിർമ്മാണം നടത്തി ഉദ്ഘാടനം ചെയ്യാനും ആലോചനയുണ്ട്.
ഗ്രാമത്തിന്റെ കൂട്ടായ്മയ്ക്ക് ഉതകും
ചക്കുവരയ്ക്കൽ കളിത്തട്ട് ജംഗ്ഷനിൽ പാർക്ക് നിർമ്മിക്കുന്നത് തുടക്കം മാത്രമാണ്. ഇവിടേക്ക് ടി.വി കിയോസ്കും അനുബന്ധ സൗകര്യങ്ങളും പിന്നാലെ എത്തും. തട്ടുകടകളും ഗ്രാമച്ചന്തകളുമൊക്കെയായി ഇവിടം സജീവമാക്കാനാണ് ലക്ഷ്യം. വൈകുന്നേരങ്ങളിൽ ജോലിത്തിരക്ക് കഴിഞ്ഞ് വിശ്രമിക്കാനും കുടുംബമൊന്നിച്ചും കൂട്ടുകാരൊടൊത്തുമൊക്കെ കുറച്ചുനേരമിരിക്കാനും സൗകര്യങ്ങളൊരുക്കുന്നതോടെ പുതിയ കൂട്ടായ്മകൾക്ക് വഴിതുറക്കും. നല്ലൊരു ഷട്ടിൽ ടീമിനെ സജ്ജമാക്കാനുള്ള കോർട്ടും നിർമ്മിക്കുന്നുണ്ട്.
ഷൈൻ പ്രഭ, ബ്ളോക്ക് പഞ്ചായത്തംഗം, വെട്ടിക്കവല