v

കൊല്ലം: തദ്ദേശ സ്ഥാപനങ്ങളിലെ സംവരണ വാർഡുകൾ സംബന്ധിച്ച് മാത്രമേ നറുക്കെടുപ്പിലൂടെ തീരുമാനം ആയിട്ടുള്ളൂ. പ്രസിഡന്റ് പദവിയുടെ തീരുമാനം വരാനിരിക്കുകയാണ്. ആദ്യം മത്സരിക്കാൻ ഒരു വാർഡ് കിട്ടണം, പിന്നെ അവിടെ നിന്ന് ജയിച്ച് കയറണം, വാർഡിൽ ജയിച്ച് വരുമ്പോൾ സ്വന്തം മുന്നണി അധികാരം ഉറപ്പിക്കണം, പിന്നെ വഴക്കിട്ടും ബഹളം വെച്ചും പ്രസിഡന്റ് സ്ഥാനം തനിക്ക് തന്നെയെന്ന് ഉറപ്പിക്കണം. കടമ്പകൾ നിരവധി കിടക്കുകയാണ് പ്രാദേശിക നേതാക്കൾക്ക് മുൻപിൽ. മിക്ക പഞ്ചായത്തിലും മുന്നണികളിൽ പ്രസിഡന്റ് മോഹികൾ നിരവധിയാണ്. വാർഡുകളുടെ സംവരണ നറുക്കെടുപ്പ് കഴിഞ്ഞതോടെ ഇവരിൽ പലരുടെയും അവസരം ഇല്ലാതായി. നാലാളുമായി ബന്ധമുള്ള വാർഡുകളൊക്കെ വനിതാ സംവരണത്തിന് വഴിമാറിയപ്പോൾ ചിലരൊക്ക ഗ്രാമ പഞ്ചായത്ത് വിട്ട് ബ്ലോക്ക് പഞ്ചായത്തിന് ടിക്കറ്റ് തേടിത്തുടങ്ങി. പതിനെട്ട് അടവും പഠിച്ച ചേകവൻമാരുടെ തന്ത്രങ്ങൾ ഇനി തിരഞ്ഞെടുപ്പ് കളത്തിൽ കാണാനിരിക്കുന്നതേയുള്ളൂ.