 
കൊട്ടിയം: മയ്യനാട് റെയിൽവേ സ്റ്റേഷൻ തരംതാഴ്ത്തുന്നതിലും വേണാട് എക്സ്പ്രസിന്റെ മയ്യനാട്ടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കാത്തതിലും പ്രതിഷേധിച്ച് മയ്യനാട് റെയിൽവേ പാസഞ്ചേഴ്സ് ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ റെഡ് മാർക്ക് കാമ്പയിൻ സംഘടിപ്പിച്ചു. പരവൂർ മാമൂട്ടിൽക്കടവ് മുതൽ കൊല്ലം റെയിൽവേ സ്റ്റേഷൻ വരെയുള്ള റെയിൽവേ പാതയ്ക്ക് ഇരുവശങ്ങളിലുമായി താമസിക്കുന്നവർ വേണാട് എക്സ്പ്രസ് കടന്നുപോയ സമയം ചുവപ്പ് പ്രകാശം തെളിച്ചും ചുവപ്പ് അടയാളമുയർത്തിയും പ്രതിഷേധിച്ചു.
മയ്യനാട് നടന്ന പ്രതിഷേധത്തിന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, കെ.പി.സി.സി സെക്രട്ടറി കെ. ബേബിസൺ, ആർ.എസ്. അബിൻ, കെ.എ. അസീസ്, സച്ചിൻ ദാസ്, ആക്ഷൻ കൗൺസിൽ പ്രസിഡന്റ് കെ. നജിമുദ്ദീൻ, നസീർഖാൻ, ഡി. സ്റ്റാലിൻ കുമാർ തുടങ്ങിയവർ നേതൃത്വം നൽകി. കൂട്ടിക്കടയിൽ നടന്ന പ്രതിഷേധം കെ.എസ്. ചന്ദ്രബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തംഗം ഉദയകുമാർ, ടി. സുരേഷ് ബാബു, അജി, ഷാജി എന്നിവർ നേതൃത്വം നൽകി.
കൊല്ലം റെയിൽവേ സ്റ്റേഷൻ കവാടത്തിൽ ഫ്രണ്ട്സ് ഓൺ റെയിൽസിന്റെ നേതൃത്വത്തിൽ ഐക്യദാർഢ്യ റെഡ് മാർക്ക് കാമ്പയിൻ നടന്നു. സെക്രട്ടറി ജെ. ലിയോൺസ് നേതൃത്വം നൽകി.