thodiyoor-building
കരുനാഗപ്പള്ളി മാളിയേക്കൽ മേൽപ്പാല നിർമ്മാണത്തിനായി കെട്ടിടങ്ങൾ പൊളിച്ചുനീക്കുന്നു

തൊടിയൂർ: കരുനാഗപ്പള്ളി - ശാസ്താംകോട്ട റോഡിലെമാളിയേക്കൽ ലെവൽ ക്രോസിൽ റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള ടെൻഡർ നടപടികൾ പൂർത്തിയായതോടെ ഇവിടെയുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കാൻ തുടങ്ങി.റോഡ്‌സ് ആൻഡ് ബ്രിഡ്‌ജസ് കോർപ്പറേഷനാണ് മേൽപ്പാലത്തിന്റെ എസ്റ്റിമേറ്റ് തയ്യാറാക്കിയത്. നടപടികൾ പൂർത്തിയാക്കി സ്ഥലം വിട്ടു നൽകിയവർക്ക് തുക നേരത്തേ കൈമാറിയിരുന്നു.

ഉരുക്കുപാലം

വേഗത്തിൽ പണി പൂർത്തിയാക്കാനുള്ള സാങ്കേതിക മാർഗത്തിലൂടെ ഉരുക്ക് പാലമാണ് ഇവിടെ നിർമ്മിക്കുന്നത്.കേരളറോഡ്സ് ആൻഡ് ബ്രിഡ്ജസ് കോർപ്പറേഷൻ ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളും വൃക്ഷങ്ങളുമാണ് നീക്കം ചെയ്യുന്നത്. കെട്ടിട ഉടമകൾക്ക് സ്വന്തം നിലയിൽ കെട്ടിടങ്ങൾ പൊളിച്ചുമാറ്റാവുന്നതാണ്.ഇതിന് കെ. ആർ .ബി .സി നിശ്ചയിക്കുന്ന ഫീസ് അടച്ചാൽ മതിയാകും. ഭൂരിപക്ഷം കെട്ടിട ഉടമകളും സ്വന്തം നിലയിലാണ് പൊളിച്ചുനീക്കൽ നടത്തുന്നത്. ബാക്കിയുള്ളവ കെ .ആർ .ബി. സി തന്നെ പൊളിച്ചുനീക്കും.

മേൽപ്പാലത്തിന് 35 കോടി രൂപ
ചെന്നൈ ആസ്ഥാനമായിട്ടുള്ള എസ്. പി .എൽ കമ്പനിയാണ് കരാർ ഏറ്റെടുത്തിട്ടുള്ളത്.ലെവൽക്രോസിൽ മേൽപ്പാലം നിർമ്മിക്കാൻ 35 കോടി രൂപയാണ് കിഫ്ബിയിൽ നിന്ന്‌ അനുവദിച്ചിരുന്നത്. മേൽപ്പാലത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ തന്നെ ആരംഭിക്കാനാവുമെന്ന് ആർ രാമചന്ദ്രൻ എം.എൽ.എ പറഞ്ഞു. ദൈനംദിനം നൂറ് കണക്കിന് വാഹനങ്ങളാണ് ഇത് വഴി കടന്ന് പോകുന്നത്. കരുനാഗപ്പള്ളിയിൽ നിന്നും ജില്ലയുടെ കിഴക്കൻ മേഖലകളിലേക്ക് എത്തിപ്പെടാനുള്ള പ്രധാന ഗതാഗത മാർഗങ്ങളിലൊന്നാണ് .മണിക്കൂറുകളോളം യാത്രക്കാർ കാത്തുകിടക്കേണ്ട സ്ഥിതിയും നിരവധി ജീവനുകൾ പൊലിയുന്ന സാഹചര്യവും ഈ ലെവൽ ക്രോസിൽ ഉണ്ടായിട്ടുണ്ട്. മാളിയേക്കൽ ലെവൽ ക്രോസ് യാഥാർത്ഥ്യമാകുന്നതോടെ ദീർഘനാളായുള്ള ജനങ്ങളുടെ ആവശ്യമാണ് സഫലമാകുന്നത്.