
പ്രണയം താഴിട്ട് പൂട്ടി ഉറപ്പിക്കാൻ കഴിയുമോ? അതിന് കഴിയുന്ന ഒരു പാലമുണ്ട് ദുബായിൽ. 'പ്രോമിസ് ബ്രിഡ്ജ്" എന്നാണ് ഈ പാലത്തിന്റെ പേര്. സ്നേഹിക്കുന്നവരുടെ പേരെഴുതി പാലത്തിൽ പൂട്ടിട്ട് വക്കാം. താക്കോൽ അടുത്തുള്ള തടാകത്തിലേക്ക് വലിച്ചെറിയുക കൂടി ചെയ്താൽ സ്നേഹം എക്കാലത്തേക്കും സുഭദ്രം. അൽഖവാനീജിലെ ദ് യാഡിൽ ഒരുക്കിയ പ്രോമിസ് ബ്രിഡ്ജിലാണ് പ്രണയം പൂട്ടി ഭദ്രമാക്കുന്നത്. ആയിരക്കണക്കിന് ആളുകളുടെ പ്രേമരഹസ്യമാണ് പ്രോമിസ് ബ്രിഡ്ജിൽ താഴിട്ട് ഉറപ്പിച്ചിരിക്കുന്നത്. പൂട്ടിയ താഴിൽ മറ്റൊരു താഴിട്ട് ഉറപ്പിച്ചവരും കുറവല്ല. ഇതിൽ പ്രണയിനികളോട് മാത്രമല്ല, ദൈവത്തോടും സ്നേഹമുള്ളവരുണ്ട്. പാരീസിലുമുണ്ട് ഇതുപോലൊരു പാലം പാരീസ് സന്ദർശിക്കുന്ന പ്രണയിനികളുടെയെല്ലാം സ്വപ്നമാണ് 'പോൻദെസാ പാല"ത്തിന്റെ കൈവരിയിൽ താഴിട്ടു പൂട്ടിടുകയെന്നത്. ഒടുവിൽ പ്രണയം മൂത്തു പൂട്ടിയിട്ട താഴുകളുടെ ഭാരംമൂലം പാലം അപകടത്തിലായി. കൈവരി തകർന്നു. ഏഴുലക്ഷത്തിലധികം താഴുകളാണു സ്നേഹം മൂത്ത് പാലത്തിൽ ഘടിപ്പിച്ചിരിക്കുന്നത്. പിന്നീട് ഈ താഴുകൾ വിൽപ്പനയ്ക്ക് വച്ചു.