
കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ മദ്യത്തിന്റെ ലഭ്യത കുറഞ്ഞതോടെ കഞ്ചാവ് വില്പന വ്യാപകമാകുന്നത് തടയാൻ എക്സൈസ് നടപടി ശക്തമാക്കി. മുൻ കഞ്ചാവുകേസുകളിലെ പ്രതികളെയും ന്യൂജൻ കച്ചവടക്കാരെയും നിരീക്ഷണത്തിലാക്കാനും കഞ്ചാവ് കച്ചവട കേന്ദ്രങ്ങളിൽ പരിശോധന ശക്തമാക്കാനുമാണ് എക്സൈസിന്റെ തീരുമാനം. ഇരുചക്ര വാഹനങ്ങളും ആഡംബര കാറുകളുമുൾപ്പെടെ സംശയകരമായ വാഹനങ്ങൾ പരിശോധിക്കും. നഗരത്തിലുൾപ്പെടെ ജില്ലയുടെ വിവിധ ഭാഗങ്ങളിലായി നൂറോളം സ്ഥലങ്ങൾ കേന്ദ്രീകരിച്ച് കഞ്ചാവിന്റെ മൊത്ത - ചില്ലറ വ്യാപാരം നടക്കുന്നുണ്ട്. സ്ഥിരം കച്ചവടക്കാരിൽ നല്ലൊരു വിഭാഗം പേരും പലപ്പോഴായി എക്സൈസിന്റെ പിടിയിലായ ശേഷം ജാമ്യത്തിൽ തുടരുകയാണ്. എന്നാൽ ഇവരിൽ പലരും ഇപ്പോഴും ജാമ്യവ്യവസ്ഥകൾ ലംഘിച്ച് കഞ്ചാവ് വില്പന നടത്തുന്നുണ്ട്.
ചെറുകിട കച്ചവട ശൃംഖല വിപുലം:
വില കുത്തനെ കൂട്ടി
ആന്ധ്രാപ്രദേശിൽ നിന്ന് കർണാടക, തമിഴ്നാട് വഴി കേരളത്തിലേക്ക് കഞ്ചാവ് കടത്തുന്ന സംഘങ്ങളുമായി നേരിട്ട് ബന്ധമുള്ളവരാണ് ജില്ലയിലെ അരഡസനിലേറെ വരുന്ന മൊത്തക്കച്ചവടക്കാരായ ചിലർ. ഇവർക്ക് ജില്ലയിൽ വിപുലമായ ചെറുകിട കച്ചവട ശൃംഖലയാണുള്ളത്. ഉപയോഗം വർദ്ധിച്ചതോടെ കഞ്ചാവിന്റെ വിലയും കാര്യമായി വർദ്ധിച്ചിട്ടുണ്ട്. ലോക്ക് ഡൗണിന് മുമ്പ് നൂറ് രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു പൊതിക്ക് ഇപ്പോൾ 500 രൂപ നൽകണം. കഞ്ചാവിന്റെ ഡിമാന്റിനൊപ്പം കൊണ്ടുവരുന്നതിന്റെ റിസ്ക് കൂടി കണക്കിലെടുത്താണ് കഞ്ചാവ് കച്ചവടക്കാർ വില കുത്തനെ കൂട്ടിയത്.
നവമാദ്ധ്യമ ഗ്രൂപ്പുകൾ വഴിയും കച്ചവടം
സാമ്പത്തികമായി നല്ല നിലയിലുള്ള കുടുംബങ്ങളിലെ കുട്ടികൾ പോലും തങ്ങളുടെ ആവശ്യത്തിന് കഞ്ചാവ് ഉപയോഗിക്കാൻ വേണ്ടി മാത്രം ഇതിന്റ വിതരണക്കാരായി മാറുന്നുണ്ട്. ആഡംബര ബൈക്കുകളിലും കാറുകളിലുമാണ് ഇവരിൽ പലരുടെയും സഞ്ചാരം. തുടക്കത്തിൽ വളരെ രഹസ്യമായി ഇടപാടുകൾ നടത്തി വന്ന ഇവർ കച്ചവടം വിപുലമായതോടെയാണ് എക്സൈസിന്റെ നോട്ടപ്പുള്ളികളായത്. ഫോൺവഴി നവമാദ്ധ്യമ ഗ്രൂപ്പുകളുണ്ടാക്കി അതിലൂടെ പ്രത്യേക കോഡ് ഉപയോഗിച്ചാണ് ഇവരിൽ പലരും കഞ്ചാവ് വില്പന നടത്തുന്നത്. ഇത്തരത്തിലുള്ള വിവിധ ഗ്രൂപ്പുകളെപ്പറ്റി വിവരങ്ങൾ ലഭിച്ച എക്സൈസ് ഉദ്യോഗസ്ഥർ സൈബർ പൊലീസിന്റെ സഹായത്തോടെ പല ഗ്രൂപ്പുകളും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ലോക്ക് ഡൗണിൽ ബാറുകളും മദ്യവില്പന ശാലകളും അടച്ചിട്ട സാഹചര്യം മുതലെടുത്താണ് കഞ്ചാവ് ലോബി കച്ചവടം കൊഴുപ്പിച്ചത്. ലോക്ക് ഡൗണിന് അയവ് വരുകയും മദ്യവിതരണം പുനരാരംഭിക്കുകയും ചെയ്തെങ്കിലും ബാറുകളും മദ്യശാലകളും അടഞ്ഞുകിടക്കുന്നത് മുതലാക്കി പല സ്ഥലങ്ങളിലും കഞ്ചാവ് കച്ചവടം നടക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം നിരീക്ഷണം ശക്തമാക്കി. അയൽ സംസ്ഥാനങ്ങളിൽ നിന്ന് കഞ്ചാവ് എത്തിക്കുന്നത് തടയാൻ ചെക്ക് പോസ്റ്റുകളിൽ പരിശോധന ശക്തമാക്കും. നൂറോളം പേരെ പല സ്ഥലങ്ങളിലായി എക്സൈസിന്റെ രഹസ്യ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
ബി.സുരേഷ് കുമാർ, അസി. എക്സൈസ് കമ്മിഷണർ, കൊല്ലം