
കൊല്ലം: കൊവിഡിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ സർവകലാശാലകളിലെ പരീക്ഷാ നടത്തിപ്പ് അവതാളത്തിൽ. വിദേശ രാജ്യങ്ങളിലും അന്യസംസ്ഥാനങ്ങളിലും ഉന്നത വിദ്യാഭ്യാസം സ്വപ്നം കണ്ടിരുന്ന വിദ്യാർത്ഥികളാണ് ഇത് മൂലം കൂടുതൽ ആശങ്കയിലായത്.
അക്കാഡമിക് വർഷം അവസാനിക്കാൻ അഞ്ച് മാസം മാത്രം ശേഷിക്കേ, കേരള സർവകലാശാലയിൽ മൂന്നാം വർഷ ബിരുദ വിദ്യാർത്ഥികളുടെ അഞ്ചാം സെമസ്റ്റർ പരീക്ഷ ഇതുവരെ നടന്നിട്ടില്ല.. ആറാം സെമസ്റ്റർ പരീക്ഷ ഏപ്രിൽ മാസത്തിലെങ്കിലും നടത്തിയില്ലെങ്കിൽ വിദ്യാർത്ഥികൾക്ക് വിദേശത്തും അന്യസംസ്ഥാനത്തും മറ്റ് കോഴ്സുകൾക്ക് ചേരാനാകാത്ത സ്ഥിതിയുണ്ടാകും. രണ്ടാം വർഷ വിദ്യാർത്ഥികൾക്ക് ഒന്നാം വർഷത്തെ ആദ്യ സെമസ്റ്റർ പരീക്ഷ മാത്രമാണ് നടന്നത്. നാലാം സെമസ്റ്ററിലേക്ക് കടന്ന ഇവർക്ക് രണ്ടും മൂന്നും സെമസ്റ്റർ പരീക്ഷകൾ ബാക്കിയാണ്.
എം.ജി, കാലിക്കറ്റ്, കണ്ണൂർ അടക്കമുള്ള സർവകലാശാലകളിലും ബിരുദ, ബിരുദാനന്തര കോഴ്സുകളുടെ സപ്ലിമെന്ററി പരീക്ഷ മാത്രമാണ് ഇപ്പോൾ നടക്കുന്നത്.
സാങ്കേതിക സർവകലാശാലയിൽ പരീക്ഷകൾ ബാക്കിയില്ല. മൂന്ന്, അഞ്ച്, ഏഴ് സെമസ്റ്റർ ക്ലാസുകളാണ് നടക്കുന്നത്. രണ്ടും നാലും ആറും സെമസ്റ്റർ പരീക്ഷകൾ കൊവിഡിൽ മുടങ്ങിയിരുന്നു. ഓൺലൈനായി പരീക്ഷ നടത്തിയ ശേഷം മുൻ സെമസ്റ്ററുകളിലെ മാർക്കുകൾ കൂടി പ്രത്യേക അനുപാതത്തിൽ കണക്കാക്കിയാണ് രണ്ടും നാലും ആറും സെമസ്റ്ററുകളിലെ മാർക്ക് നിശ്ചയിച്ചത്.
ഇന്റേണൽ
അസെസ്‌മെന്റ്
ക്ലാസ് പൂർത്തിയാകാത്തതിന് പുറമേ ഈ സെമസ്റ്ററിലെ ഇന്റേണൽ പരീക്ഷകളിലും ധാരണയായിട്ടില്ല. 20 മാർക്ക് ഇന്റേണൽ അസെസ്‌മെന്റിലൂടെയാണ് . ഓൺലൈൻ ക്ലാസിനിടയിൽ ഇന്റേണൽ അസെസ്മെന്റിനെക്കുറിച്ച് സർവകലാശാല യാതൊരു നിർദ്ദേശവും നൽകിയിട്ടില്ല. ഓൺലൈനായിപ്പോലും സെമിനാറുകളും ടെസ്റ്റ് പേപ്പറുകളും നടത്തുന്നില്ല.