drum

കൊല്ലം തഴവ കുറ്റിപ്പുറം ബദർ മസ്ജിദിലെ നമസ്കാര സമയം കൊട്ടി അറിയിക്കുന്ന ഡ്രം

തഴവ: കഴിഞ്ഞ അൻപത് വർഷമായി തഴവ കുറ്റിപ്പുറം സ്വദേശികൾക്ക് ഉണർത്തു പാട്ടാണ് സമീപത്തെ ബദർ മസ്ജിദിൽ നിന്നുയരുന്ന ഡ്രമ്മിന്റെ താളവും സൈറണിന്റെ ശബ്ദവും.

ബാങ്ക് വിളിച്ച് നിസ്കാര നേരം അറിയിക്കുന്ന മുസ്ളിം പള്ളികളിൽ നിന്ന് വ്യത്യസ്തമായി ഡ്രമ്മിന്റെയോ സൈറനിന്റെയോ ശബ്ദമാണ് തഴവ കുറ്റിപ്പുറം ബദർ മസ്ജിദിൽ നിന്ന് രാവിലെ 5നും രാത്രി 8നുമിടയിൽ അഞ്ചുനേരം മുഴങ്ങുന്നത്. വൈദ്യുതിയുള്ളപ്പോൾ സൈറൻ മുഴക്കും. നിസ്കാര സമയമറിയിക്കേണ്ട നേരത്ത് വൈദ്യുതി ഇല്ലെങ്കിൽ ഡ്രം മുഴക്കും. ആചാരപ്രകാരം ബാങ്ക് വിളി ഇവിടെയുമുണ്ടെങ്കിലും ഉച്ചഭാഷിണി ഉപയോഗിക്കാത്തതിനാൽ പള്ളിക്കു പുറത്ത് കേൾക്കുന്നില്ലെന്നു മാത്രം.

മുസ്ലിം പുരോഹിതനായിരുന്ന തഴവ മുഹമ്മദ് കുഞ്ഞ് മൗലവിയുടെ മേൽനോട്ടത്തിലാണ് അര നൂറ്റാണ്ട് മുൻപ് ബദർ മസ്ജിദ് പണി കഴിപ്പിച്ചത്. മലപ്പുറം ജില്ലയിലെ വല്ലപ്പുഴയിൽ വ്യത്യസ്ഥത കൊണ്ട് അക്കാലത്ത് ജനശ്രദ്ധ നേടിയ ഒരു ആരാധനാലയത്തിന്റെ മാതൃകയിലാണ് ഇവിടെ ചിട്ടപ്പെടുത്തലുകൾ നടത്തിയത്.

നാസിക് ഡോളിനോട് സാമ്യമുള്ള കൂറ്റൻ ഡ്രമ്മാണ് പള്ളിയിലെ മുഖ്യ ആകർഷണം. പള്ളിയുടെ അത്രതന്നെ പഴക്കമുള്ള ഡ്രമ്മിന് ഇതുവരെ അറ്റകുറ്രപ്പണി നടത്തേണ്ടിവന്നിട്ടില്ല.

 നമസ്കാര സമയമറിയിക്കുന്നതിന് ഡ്രം കൊട്ടുന്ന രീതി തെക്കൻ കേരളത്തിൽ കേട്ടുകേൾവിയില്ലാത്തതാണ്. നാനാജാതിയിൽപ്പെട്ട നിരവധി പേർ ആദ്യകാലത്ത് ഇതേക്കുറിച്ച് സംശയങ്ങൾ ചോദിച്ചിരുന്നു. ഇന്ന് ഇവിടത്തെ ആചാരമായി ജനം അംഗീകരിച്ച് കഴിഞ്ഞു.

എച്ച്. അഹമ്മദ് കോയ മൗലവി

ചീഫ് ഇമാം, തഴവ മുസ്ലിം ജുമാഅത്ത്

 അപൂർവമായ ആചാരമാണ് ബദർ മസ്ജിദിലെ ഡ്രം കൊട്ടും സൈറൻ മുഴക്കലും. പല മുസ്ലിം പുരോഹിതൻമാരെപ്പോലും അതിശയിപ്പിച്ചിട്ടുള്ള ഈ രീതി ഇന്ന് കുറ്റിപ്പുറത്തിന് ഒഴിവാക്കാൻ കഴിയാത്ത ഒന്നായി മാറി.

ഖലീലുദ്ദീൻ പൂയപ്പള്ളി, സെക്രട്ടറി

താലൂക്ക് ജുമാഅത്ത് യൂണിയൻ, കരുനാഗപ്പള്ളി.