
എൽ.ഡി.എഫ് യുവ നേതാക്കളെ രംഗത്തിറക്കിയേക്കും
കൊല്ലം: ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ മൂന്ന് മുന്നണികളും ഇത്തവണ ജന സ്വീകാര്യതയുള്ള പതുമുഖങ്ങൾക്ക് അവസരം നൽകും. പഞ്ചായത്ത് പ്രസിഡന്റ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പദവികളിൽ മികവ് തെളിയിച്ചവർക്കൊപ്പം കൂടുതൽ യുവ നേതാക്കളെ എൽ.ഡി.എഫ് പരിഗണിക്കാനാണ് സാദ്ധ്യത. 26 അംഗ ജില്ലാ പഞ്ചായത്തിലെ 22 ഡിവിഷനുകളിലും കഴിഞ്ഞ തവണ വിജയം എൽ.ഡി.എഫിനായിരുന്നു. മികച്ച ഭൂരിപക്ഷത്തോടെ ഭരണം നിലനിറുത്താമെന്ന ഉറപ്പിലാണ് എൽ.ഡി.എഫ്. അതുകൊണ്ടുതന്നെ സി.പി.എമ്മും സി.പി.ഐയും ഇത്തവണ കൂടുതൽ പുതുമുഖങ്ങളെ പരീക്ഷിക്കാനാണ് സാദ്ധ്യത. കേരളാ കോൺഗ്രസ് ജോസ് കെ. മാണി വിഭാഗത്തിനും പ്രാതിനിധ്യം നൽകിയേക്കും.
യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് പരിഗണന
കഴിഞ്ഞ തവണ മൂന്ന് അംഗങ്ങളെ മാത്രമേ ജില്ലാ പഞ്ചായത്ത് കൗൺസിലിലേക്ക് എത്തിക്കാൻ കോൺഗ്രസിന് കഴിഞ്ഞുള്ളൂ. ഇത്തവണ യൂത്ത് കോൺഗ്രസ് നേതാക്കൾക്ക് അർഹമായ പരിഗണന നൽകണമെന്ന ആവശ്യം ഉന്നയിച്ച് ജില്ലാ കമ്മിറ്റി ഡി.സി.സി പ്രസിഡന്റിന് കത്ത് നൽകിയിരുന്നു. ജില്ലാ പഞ്ചായത്ത് ഭരണം പിടിക്കണമെന്ന താത്പര്യത്തോടെ കോൺഗ്രസ് മത്സരത്തെ സമീപിക്കുന്നതിനാൽ കൂടുതൽ യുവാക്കൾക്കും പുതുമുഖങ്ങൾക്കും കോൺഗ്രസ് അവസരം നൽകും. യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന നേതാക്കൾ ഉൾപ്പെടെ ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുമെന്നാണ് വിവരം.
യുവമോർച്ച പ്രവർത്തകർക്കും പ്രതീക്ഷ
ബി.ജെ.പിയിലും ജില്ലാ നേതൃനിരയിലെ വലിയൊരു വിഭാഗം മത്സര രംഗത്തിറങ്ങും. ഏഴ് ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ വിജയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് അവർ തിരഞ്ഞെടുപ്പിനെ കാണുന്നത്. ഇത്തവണ കൊല്ലം ജില്ലാ പഞ്ചായത്തിൽ തങ്ങളുടെ പ്രതിനിധി ഉണ്ടാകണമെന്ന ചിന്തയോടെ തിരഞ്ഞെടുപ്പിനെ സമീപിക്കുന്നതിനാൽ യുവമോർച്ച - ബി.ജെ.പി നിരയിലെ പ്രധാനികൾ തന്നെ മത്സര രംഗത്തുണ്ടാകും.