 
കൊല്ലം :ടി.കെ.എം ഇന്റർനാഷണൽ സെന്റർ ഫോർ ട്രെയിനിംഗ് ആൻഡ് പ്ലെയിസ്‌മെന്റിൽ (ഐ.സി.ടി.പി.) വിദേശങ്ങളിലുൾപ്പെടെ തൊഴിൽ ലഭിക്കുന്ന പുതിയ കോഴ്‌സുകളുടെ വെർച്വൽ ലോഞ്ചിംഗ് സാങ്കേതിക സർവകലാശാലാ വൈസ് ചാൻസലർ ഡോ. എം.എസ്. ജയശ്രീ നിർവഹിച്ചു. സൂം മീറ്റിംഗ് വഴി നടന്ന ചടങ്ങിൽ ടി.കെ.എം ട്രസ്റ്റ് ചെയർമാൻ ഷഹാൽ ഹസൻ മുസലിയാർ അദ്ധ്യക്ഷത വഹിച്ചു.
പുതിയ കോഴ്‌സുകളായ ക്രിയേറ്റീവ് നോളജ്, വൊക്കേഷണൽ ട്രെയിനിംഗ്, പ്രൊഫഷണൽ സ്റ്റഡീസ് എന്നിവ ജില്ലാ കളക്ടർ ബി. അബ്ദുൾനാസർ ഉദ്ഘാടനം ചെയ്തു. കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റി പ്രസ് ഏരിയാ മാനേജർ വി. സതീഷ്‌കുമാർ, സെന്റർ കോ ഒാർഡിനേറ്റിംഗ് ഓഫീസർ ഐഷാ മുസലിയാർ, ടി.കെ.എം. എൻജിനിയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. ഷാഹുൽ ഹമീദ്, ട്രസ്റ്റ് ബോർഡ് അംഗം ഖാലിദ് മുസലിയാർ, ടി.കെ.എം ആട്‌സ് കോളേജ് മുൻ പ്രിൻസിപ്പൽ ഹാഷിമുദ്ദീൻ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോഗ്രാഫി, വിഷ്വൽ എഫക്ട്‌സ്, 3ഡി, 2ഡി, അനിമേഷൻ, വെർച്വൽ റിയാലിറ്റി ഗെയിം എന്നിവ ഉൾപ്പെടുന്ന ക്രിയേറ്റീവ് നോളജ്, സൈബർ സെക്യൂരിറ്റി, എത്തിക്കൽ ഹാക്കിംഗ്, ബിസിനസ് ആൻഡ് ഫിനാൻസ് എന്നീ വിഷയങ്ങളിലുള്ള പ്രൊഫഷണൽ സ്റ്റഡീസ്, ഭക്ഷ്യോത്പാദനം, വിതരണം തുടങ്ങിയ മേഖലകളിലെ തൊഴിൽ പരിശീലനം ഉൾപ്പെടുന്നതാണ് വൊക്കേഷണൽ ട്രെയിനിംഗ്.