
കൊല്ലം: ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലും കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽതന്നെ ഇത്തവണയും മത്സരിക്കാൻ സി.പി.എമ്മും സി.പി.ഐയും തമ്മിൽ ധാരണ. കഴിഞ്ഞ ദിവസം ഇരുപാർട്ടികളുടെയും ജില്ലാ നേതാക്കൾ നടത്തിയ ഉഭയകക്ഷി ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. ഈ മാസം 25ന് മുൻപ് എൽ.ഡി.എഫിലെ സീറ്റുവിഭജന ചർച്ച പൂർത്തിയാക്കും. 31ന് എൽ.ഡി.എഫ് ജില്ലാ കമ്മിറ്റി യോഗം ചേർന്ന് സീറ്റ് വിഭജന ചർച്ച അന്തിമമാക്കാനാണ് തീരുമാനം.
ജില്ലാ പഞ്ചായത്തിലെയും കോർപ്പറേഷനിലെയും സീറ്റ് വിഭജന ചർച്ച മാത്രമാണ് ജില്ലാ തലത്തിൽ നടക്കുന്നത്. മുനിസിപ്പാലിറ്റി, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമ പഞ്ചായത്ത് സീറ്റ് വിഭജനം മണ്ഡലം തലത്തിലാണ്. ഏകദേശം ഏഴ് പഞ്ചായത്തുകളിൽ നിലവിൽ സീറ്റ് വിഭജനം പൂർത്തിയായതായാണ് സൂചന. രണ്ടിടത്ത് ചർച്ച അലസിയതായും അറിയുന്നു.
പ്രാദേശിക തലത്തിൽ നീക്കുപോക്കുണ്ടാവും
കോർപ്പറേഷനിൽ കഴിഞ്ഞ തവണ സി.പി.എം- 36, സി.പി.ഐ 17, കേരള കോൺഗ്രസ് (ബി)- 1, ജനതാദൾ-1 എന്നിങ്ങനെയായിരുന്നു സീറ്റ് വിഭജനം. കഴിഞ്ഞ തവണ മത്സരിച്ച സീറ്റുകളിൽ തന്നെ ഇത്തവണയും മത്സരിക്കാനാണ് ജില്ലാ തലത്തിൽ സി.പി.എം - സി.പി.ഐ ധാരണ. എന്നാൽ പ്രാദേശിക തലത്തിൽ ചില ഡിവിഷനുകൾ വച്ചുമാറണമെന്ന ചർച്ച സജീവമായുണ്ട്. ഇത് സംബന്ധിച്ചുള്ള ചർച്ചകൾക്കായി ഇരുപാർട്ടികളുടെയും നഗരപരിധിയിലെ ജില്ലാ കമ്മിറ്റി അംഗങ്ങളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
ജില്ലാ പഞ്ചായത്തിൽ പുതിയ ഘടകകക്ഷികൾക്ക് സീറ്റില്ല
ആകെയുള്ള 26 ജില്ലാ പഞ്ചായത്ത് ഡിവിഷനുകളിൽ കഴിഞ്ഞ തവണ സി.പി.എം 15, സി.പി.ഐ 10, കേരള കോൺഗ്രസ് (ബി)- 1 എന്നിങ്ങനെയാണ് മത്സരിച്ചത്. ഇത്തവണയും ഇതേ സ്ഥിതി തുടരാനാണ് ധാരണ. മറ്റ് ഘടകക്ഷികൾ സമ്മർദ്ദം ചെലുത്തിയാലും ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകാൻ സാദ്ധ്യതയില്ല.
ജോസ് കെ. മാണി വിഭാഗം വരുമ്പോൾ
കേരള കോൺഗ്രസിന് (എം) കഴിഞ്ഞതവണ യു.ഡി.എഫ് നഗരസഭയിൽ രണ്ട് സീറ്റുകൾ നൽകിയിരുന്നു. ജോസ് കെ. മാണി വിഭാഗത്തിന്റെ എൽ.ഡി.എഫ് പ്രവേശനത്തിൽ ധാരണയായാൽ നഗരസഭയിൽ എൽ.ഡി.എഫ് ഒരു സീറ്റ് അനുവദിച്ചേക്കും. ജനതാദളിനും കേരള കോൺഗ്രസിനും (ബി) കഴിഞ്ഞ തവണത്തേത് പോലെ ഓരോ സീറ്റുകൾ ഇത്തവണയും നൽകാനാണ് സാദ്ധ്യത. വിജയസാദ്ധ്യതയുള്ള സ്ഥാനാർത്ഥികളുള്ള സ്ഥലങ്ങളിലേ ഘടകക്ഷികൾക്ക് സീറ്റ് നൽകാവൂയെന്ന് സി.പി.എം- സി.പി.ഐ ഉഭയകക്ഷി ചർച്ചയിൽ ധാരണയായിട്ടുണ്ട്.
കഴിഞ്ഞ തവണത്തെ എൽ.ഡി.എഫ് സീറ്റ് വിഭജനം
ജില്ലാ പഞ്ചായത്ത്
സി.പി.എം 15
സി.പി.ഐ 10,
കേരള കോൺഗ്രസ് (ബി)- 1
കോർപ്പറേഷൻ
സി.പി.എം- 36
സി.പി.ഐ 17
കേരള കോൺഗ്രസ് (ബി)- 1
ജനതാദൾ-1