തൊടിയൂർ: കൈതയും കൈതോലയും ഇപ്പോൾ നാട്ടിൽ കാണാനില്ല. കൈതച്ചെടി അതിരിട്ടിരുന്ന പുരയിടങ്ങൾക്ക് കോൺക്രീറ്റ് ചുറ്റുമതിൽ ഉയർന്നു. മദ്ധ്യതിരുവിതാംകൂറിലെ ഏറ്റവും പ്രധാനപ്പെട്ട തഴപ്പായ് നെയ്ത്തു കേന്ദ്രമായിരുന്നു തഴവ. രണ്ടു പതിറ്റാണ്ടിനപ്പുറംവരെ മെത്തപ്പായ് നെയ്ത്തിന്റെ കേന്ദ്രമായിരുന്നു ഇവിടം. അതുപോലെ തൊടിയൂരിലെ പുലിയൂർവഞ്ചി പ്രദേശവും പ്രധാന തഴപ്പായ് നെയ്ത്ത് കേന്ദ്രമായിരുന്നു. എന്നാൽ ഇപ്പോൾ കൈതയും തഴപ്പായയുമെല്ലാം വിസ്മൃതിയിലായി.
പായകളുടെ സുവർണകാലം
നാട്ടിൽ തന്നെ നെയ്തെടുക്കുന്ന മെത്തപ്പായാണ് അക്കാലത്ത് സമ്പന്നവീടുകളിൽ ഉപയോഗിച്ചിരുന്നത്. പാവങ്ങളാകട്ടെ വിലക്കുറവുള്ളതും കട്ടിയേറിയതുമായ നേരംപായ, അരീപ്പായ, ചിക്കു പായ തുടങ്ങിയവയാണുപയോഗിച്ചിരുന്നത്. നെൽകൃഷി സജീവമായിരുന്ന കാലത്ത് ചിക്ക്പായ ഒഴിച്ചുകൂടാനാവത്ത ഒരിനമായിരുന്നു.അതുപോലെ വിദേശ രാജ്യങ്ങളിലേയ്ക്കും മെത്തപ്പായയുടെ പെരുമ കടന്നു ചെന്നു. അവിടങ്ങളിലെ പ്രദർശനമേളകളിൽ മെത്തപ്പായും കൈതോലയിൽ നിർമ്മിച്ച കൗതുകവസ്തുക്കളും ഇടംപിടിച്ചു.
ഖാദി സഹകരണ സംഘങ്ങൾ വന്നു
നിരവധി പേരുടെ ജീവിതമാർഗമായിരുന്നു മെത്താപ്പായ വ്യവസായം. വ്യവസായം സംരക്ഷിക്കാനും ഇടത്തട്ടുകാരെ ഒഴിവാക്കി ഉത്പാദകർക്ക് ന്യായമായ വിലലഭ്യമാക്കാനും നാലു പതിറ്റാണ്ട് മുമ്പ് സംസ്ഥാന ഖാദി ബോർഡ് വിവിധപദ്ധതികൾ ആസൂത്രണം ചെയ്തു. അതോടെ നിരവധി ഖാദി ആൻഡ് വില്ലേജ് ഇൻഡ്സ്ട്രിയൽ സഹകരണ സംഘങ്ങൾ രൂപംകൊണ്ടു. തൊടിയൂർ പഞ്ചായത്തിൽ തന്നെ ഇത്തരത്തിലുള്ള നാലു സഹകരണ സംഘങ്ങൾ പ്രവർത്തിച്ചിരുന്നു.പുലിയൂർ വഞ്ചി വടക്ക്, തൊടിയൂർ നോർത്ത്, മുഴങ്ങോടി എന്നിവിടങ്ങളിൽ. തൊഴിലാളികൾ ഉത്പാദിപ്പിക്കുന്ന മെത്തപ്പായ, മറ്റ്പായകൾ, കൗതുകവസ്തുകൾ എന്നിവ സംഭരിക്കുകയും വിപണനം നടത്തുകയും ചെയ്തിരുന്നത് ഈ സംഘങ്ങൾ വഴിയായിരുന്നു. തഴപ്പായ നെയ്ത്തു തൊഴിലാളികളുടെ ജീവിതത്തിലെ ഒരു സുവർണ കാലമായിരുന്നുഅത്. എന്നാൽ ഏറെക്കാലം ഈ സ്ഥിതി തുടർന്നില്ല. അസംസ്കൃത വസ്തുതുവായ കൈതോലയുടെ ലഭ്യത കുറയുകയും കിടപ്പറകളിൽമെത്തപ്പായയുടെ സ്ഥാനത്ത് ആധുനിക രീതിയിലുള്ളമെത്തകൾ കടന്നു വരികയും ചെയ്തതോടെ പായ നെയ്ത്ത് ക്രമേണ നിശ്ചലമായി.തുടർന്ന്സംഘങ്ങളുടെ പ്രവർത്തനവും നിലച്ചു.
കെട്ടിടം നിലംപൊത്താറായി
പുലിയൂർ വഞ്ചി ഖാദി ആൻഡ് വില്ലേജ് ഇൻഡ്സ്ട്രിയൽ സഹകരണ സംഘത്തിന്റെ പ്രസിഡന്റായി ദീർഘകാലം പ്രവർത്തിച്ചിരുന്നത് കൊച്ചു പത്തിയിൽ കുമാരനാണ്. കാട്ടിൽകിഴക്കതിൽ ഷംസുദ്ദീൻ സെക്രട്ടിയുമായിരുന്നു. 1990-ൽ സ്ഥലം എം .എൽ. എയും മന്ത്രിയുമായിരുന്ന പി .എസ് ശ്രീനിവാസനാണ് ഈ സംഘത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്. അന്നത്തെ ഖാദി ബോർഡ് വൈസ് ചെയർമാൻ പി.ഉണ്ണികൃഷ്ണപിള്ള ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു.ഒരുകാലഘട്ടം അടയാളപ്പെടുത്തിയ സ്ഥാപനം പ്രവർത്തിച്ച കെട്ടിടം ഇപ്പോൾ ജീർണിച്ച് നിലംപൊത്താറായി. ഇപ്പോൾപ്ലാസ്റ്റിക് ശേഖരിക്കുന്നതിനായി തൊടിയൂർ ഗ്രാമപഞ്ചായത്ത് ഈ കെട്ടിടത്തിന് മുന്നിൽ മിനിമെറ്റിരിയൽകളക്ഷൻ സെന്റർ സ്ഥാപിച്ചിരിക്കുന്നു.