 
കരുനാഗപ്പള്ളി: തൊടിയൂർ ഗ്രാമപഞ്ചായത്തിന്റെ പരിധിയിൽ വരുന്ന ചെട്ടിയത്തുമുക്ക് - തീപ്പട്ടി കമ്പനി ജംഗ്ഷൻ റോഡ് അറ്റകുറ്റപ്പണികൾ നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യം നാട്ടിൽ ശക്തമാകുന്നു. ഗ്രാമപഞ്ചായത്തിലെ 4, 5 വാർഡുകളിലൂടെയാണ് റോഡ് കടന്ന് പോകുന്നത്. കൈതവനത്തറ ജംഗ്ഷനിൽ കഴിഞ്ഞ നാലു വർഷക്കാലമായി റോഡ് പൊട്ടിപ്പൊളിഞ്ഞ് വെള്ളക്കെട്ടും കുണ്ടുംകുഴിയുമായി മാറിയിരിക്കുന്നു. റോഡിന്റെ സമീപ ഭാഗത്തു നിന്നും മഴവെള്ളം ഒഴുകി ഇവിടെ കെട്ടി നിൽക്കുന്നതാണ് റോഡ് തകരാൻ കാരണം. വേനൽക്കാലത്ത് വെള്ളം ഇവിടെ നിന്ന് വേണം വറ്റാൻ. ചെട്ടിയതുമുക്കിൽ നിന്നും വെളുത്തമണൽ ജംഗ്ഷൻ, കരുനാഗപ്പള്ളി എന്നീ സ്ഥലങ്ങളിലേക്ക് യാത്രാർക്ക് പോകുനാനുള്ള എളുപ്പ മാർഗമാണ് ഈ റോഡ് . റോഡ് വെള്ളക്കെട്ടായി മാറിയതൊടെ ഇതു വഴിയുള്ള യാത ദുഷ്ക്കരമായിരിക്കുകയാണ്.
ഓടനിർമ്മിക്കണം
9 വർഷത്തിന് മുമ്പാണ് റോഡ് അവസാനമായി ടാർ ചെയ്തത്. റോഡിന്റെ അടിഭാഗത്തു നിന്നും ഊറ്റ് ഇറങ്ങി വെള്ളം മുകളിലേക്ക് വരുന്നതു കൊണ്ടാണ് റോഡ് പൊട്ടി പൊളിയുന്നതെന്ന് നാട്ടുകാർ പറയുന്നു. റോഡ് താഴ്ന്ന് കിടക്കുന്ന കൈതവനത്തറ ജംഗ്ഷൻ മുതൽ ആയിക്കാമത്ത് ജംഗ്ഷൻ വരെ റോഡ് പൊളിച്ച് ഗ്രാവലും മെറ്റലും ഇട്ട് ഉയർത്തി കോൺക്രീറ്റ് ചെയ്താൽ പ്രശ്നത്തിന് പരിഹാരമാകും. ഇതോടൊപ്പം തന്നെ റോഡിന്റ വശങ്ങളിൽ ഓട കൂടി നിർമ്മിക്കണം. ഇവിടെ നിർമ്മിക്കുന്ന ഓട ആയിക്കാമത്ത് ജംഗ്ഷനിലുള്ള പ്രധാന ഓടയുമായി ബന്ധിപ്പിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെടുന്നു.
150 ഓളം വീട്ടുകാർ റോഡിന്റെ നേരിട്ടുള്ള ഉപഭോക്താക്കളാണ്. ഗ്രാമപഞ്ചായത്തിന്റെ ഫണ്ട് ഉപയോഗിച്ച് റോഡിന്റെ നവീകരണം നടത്താൻ സാധിക്കില്ല. ഇതിന് ത്രതില പഞ്ചായത്തുകളോ സർക്കാരോ ഫണ്ട് നൽകണം. ഇതിനുള്ള പരിശ്രമങ്ങൾ ഗ്രാമപഞ്ചായത്ത് അധികൃതർ ആരംഭിച്ചിട്ടുണ്ട്.
ഗ്രാമപഞ്ചായത്തിലെ പ്രധാന ഗ്രാമീണ റോഡാണ്. വെള്ളക്കെട്ടാണ് റോഡിനെ തകർക്കുന്നത്. വേനൽക്കാലത്ത് പോലും ഊറ്റ് വെള്ളം റോഡിന്റെ മുകൾ ഭാഗത്ത് എത്തിച്ചേരും. അത് റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുന്നു. റോഡിന്റെ വശങ്ങിൽ അടിയന്തരമായി ഓട നിർമ്മിക്കണം. കൈതവനത്തറ ഭാഗത്ത് റോഡ് ഇളക്കി ഉയർത്തിയ ശേഷം കോൺക്രീറ്റ് ചെയ്യണം.
സി.സേതു, പൊതു പ്രവർത്തകൻ: