 
കൊല്ലം: കല്ലുപാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കാൻ കഴിയാത്തത് എം.എൽ.എയുടെ അനാസ്ഥയാണെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. ആറ് മാസത്തിനുള്ളിൽ പുതിയ പാലം പൂർത്തിയാക്കുമെന്ന ഉറപ്പിൽ കല്ലുപാലം പൊളിച്ചിട്ട് ഒരു വർഷമായി. കൊല്ലത്തിന്റെ വാണിജ്യ കവാടമാണ് കല്ലുപാലം. കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കൊച്ചുപിലാംമൂട് പാലം ആറ് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാക്കിയത് ഓർക്കണമെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു.
കല്ലുപാലത്തിൽ റീത്ത് വച്ച് നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി വിഷ്ണു സുനിൽ പന്തളം ഉദ്ഘാടനം ചെയ്തു. ആർജവമില്ലാത്ത സർക്കാരും ജനകീയതയില്ലാത്ത എം.എൽ.എയുമാണ് കൊല്ലത്തിന്റെ വികസന ദുരവസ്ഥയ്ക്ക് കാരണമെന്ന് അദ്ദേഹം ആരോപിച്ചു. യൂത്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് ശരത് മോഹൻ അദ്ധ്യക്ഷത വഹിച്ചു. ഒ.ബി. രാജേഷ്, കൗശിക് എം. ദാസ്, അജു ചിന്നക്കട, ബിച്ചു കൊല്ലം, ഹർഷാദ് മുതിരപ്പറമ്പ് തുടങ്ങിയവർ സംസാരിച്ചു.