
കൊവിഡ് നിയന്ത്രണാതീതമായി തുടരുന്നതിൽ എല്ലാവർക്കും ആശങ്കയുണ്ട്. പക്ഷേ തദ്ദേശ തിരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തിയതോടെ പ്രാദേശിക പാർട്ടി പ്രവർത്തകർ കൊവിഡ് ഒരു അനുഗ്രഹമാണല്ലോ എന്ന് ചിന്തിച്ചു പോവുകയാണ്. നേരത്തേ തിരഞ്ഞെടുപ്പ് അടുത്താൽ വെളുക്കുന്നതുവരെ കമ്മിറ്റിയാണ്. പിന്നെ പണം പിരിക്കണം. അതുപോരാഞ്ഞിട്ട് നേതാക്കളുടെ പ്രസംഗം കേൾക്കാൻ നാട്ടുകാരെ കാലുപിടിച്ച് കൊണ്ടുപോണം. കൊവിഡ് വന്നതോടെ പണ്ടത്തെപ്പോലെ പോക്കറ്റ് കീറില്ലെന്നാണ് സ്ഥാനാർത്ഥികളുടെ പ്രതീക്ഷ. തിരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാൽ വാർഡ് തലത്തിൽ ബൂത്ത് ഓഫീസുകൾ കെട്ടണം. ബൂത്തിൽ എപ്പോഴും ആളെക്കൂട്ടി ഇരുത്തണം. അവർക്ക് ഭക്ഷണം നൽകണം. ഒന്നും രണ്ടും ദിവസമല്ല. കറഞ്ഞത് ഒരുമാസമെങ്കിലും പത്തിരുപത് പേരുടെ ചെല്ലും ചെലവും നോക്കണം. ഇത്തവണ കൊവിഡായതിനാൽ വിളിച്ചാലും ആരും വരില്ലെന്നാണ് സ്ഥാനാർത്ഥി മോഹികളുടെ കണക്കുകൂട്ടൽ. പൊതുയോഗങ്ങളാണ് മറ്റൊരു തലവേദന. മുക്കിലും മൂലയിലും പ്രസംഗിക്കാൻ നേതാക്കളെത്തും. അവർക്കെല്ലാം കേൾവിക്കാരെ എത്തിക്കണം. വാർഡ് പരിധിയിൽ മാത്രമല്ല പ്രധാന ജംഗ്ഷനുകളിലെ യോഗങ്ങൾക്ക് ആളുകളെ വണ്ടിയിൽ കയറ്റി കൊണ്ടുപോകണം. വണ്ടി ചെലവ് മാത്രമല്ല, ആളുകൾക്കും ചായയും കടിയും കൊടുക്കണം. അല്ലെങ്കിൽ അതുമതി വോട്ട് മറിയാൻ. ആൾക്കൂട്ടങ്ങൾക്ക് നിയന്ത്രണമുള്ളതിനാൽ നേതാക്കൾ ഇക്കുറി കവലപ്രസംഗത്തിനിറങ്ങില്ലെന്നാണ് അടിത്തട്ടിന്റെ പ്രതീക്ഷ.
ശക്തമായ മത്സരം നടക്കുന്ന വാർഡുകളിൽ മുൻകാലത്ത് ഒരു ലക്ഷത്തിന് മുകളിൽ ചെലവാക്കിയ സ്ഥാനാർത്ഥികളുണ്ട്. മുനിസിപ്പൽ വാർഡിൽ കുറഞ്ഞത് ഒന്നര ലക്ഷമെങ്കിലും ചെലവാണ്. കോർപ്പറേഷൻ ഡിവിഷനുകളിൽ മുന്നണി സ്ഥാനാർത്ഥികൾ കുറഞ്ഞത് മൂന്ന് ലക്ഷമെങ്കിലും രഹസ്യമായി ചെലവാക്കാറുണ്ട്. ഇത്തവണ കൊവിഡിൽ നട്ടം തിരിഞ്ഞിരിക്കുന്ന നാട്ടുകാരോട് സംഭാവന ചോദിക്കാനാകാത്തതിനാൽ രാഷ്ട്രീയ പാർട്ടികളുടെ വരവ് കുറവാണ്. അതുപോലെ ചെലവും കുറയുമെന്നാണ് പ്രാദേശിക നേതാക്കളുടെ പ്രതീക്ഷ.