 
കൊല്ലം: കാഴ്ചയുടെ കൗതുകം മാത്രമല്ല, വിശ്വാസത്തിന്റെയും ഭാഗമാണ് പുത്തൂർ ആറ്റുവാശേരിയിലെ ഓലമേഞ്ഞ മണ്ഡപവും ദേശക്കല്ലും. ഐതീഹ്യപ്രസിദ്ധമായ ആറ്റുവാശേരി ഗ്രാമത്തിന്റെ ഐശ്വര്യമാണ് പഴമയുടെ ഈ ശേഷിപ്പുകൾ. പാരമ്പര്യത്തിന്റെയും വിശ്വാസത്തിന്റെയും അടയാളങ്ങളായ മണ്ഡപത്തെയും ദേശക്കല്ലിനെയും അതേ പവിത്രതയിൽ ഗ്രാമം കാത്തുസൂക്ഷിക്കുകയാണ്.
വയൽവാണിഭവും കാളച്ചന്തയും
വയൽവാണിഭത്തിനും കാളച്ചന്തയ്ക്കും പേരുകേട്ട പ്രദേശമായിരുന്നു ഇവിടം. കൊയ്ത്തുകഴിഞ്ഞ പാടത്താണ് കാളച്ചന്തകൾ നടന്നിരുന്നത്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുപോലും വ്യാപാരികൾ ഇവിടെ കാളയെ വാങ്ങാനെത്തിയിരുന്നു. ഇവിടെ വിശ്രമത്തിനായി നിർമ്മിച്ചതാണ് മണ്ഡപമെന്നും നാട്ടുകൂട്ടം കൂടാനായി രാജഭരണകാലത്ത് നിർമ്മിച്ചതാണെന്നും പഴമക്കാർ പറയുന്നുണ്ട്. ഭാരതീയ തച്ചുശാസ്ത്ര വിധിപ്രകാരം നിർമ്മിച്ച ഓലമേഞ്ഞ മണ്ഡപം നാട്ടുകൂട്ടങ്ങളുടെ വേദിയായിരുന്നു. ദേശദേവതയായ പുത്തൂർ കണിയാപൊയ്ക ഭഗവതി മണ്ഡപത്തിൽ വിശ്രമത്തിനെത്തുമെന്ന വിശ്വാസവും നിലനിൽക്കുന്നുണ്ട്. ഉത്സവ സമയങ്ങളിൽ മണ്ഡപം ഓലമേഞ്ഞ് പുതുക്കാറുണ്ട്. ഉത്സവ ദിനത്തിൽ സംഭാര വിതരണവും പഴയപോലെ മുടങ്ങാതെ നടത്തുന്നുണ്ട്. കാളച്ചന്തയ്ക്കെത്തുന്ന കന്നുകാലികൾക്ക് വെള്ളം നൽകാനായി നിർമ്മിച്ച കൽത്തൊട്ടി മണ്ഡപത്തിന് സമീപത്തായി ഇപ്പോഴും ഓർമ്മപ്പെടുത്തലായി കിടപ്പുണ്ട്. തണൽമരത്തിന് കീഴെയുള്ള മണ്ഡപം വേറിട്ട സൗന്ദര്യക്കാഴ്ചയായതിനാൽ നിരവധി ആൽബങ്ങളിലും സീരിയലുകളിലും പാട്ടുകളിലുമൊക്കെ ഇടംപിടിച്ചിട്ടുണ്ട്. കാളച്ചന്ത നടന്ന പാടങ്ങളൊക്കെ ചെളിയെടുപ്പിൽ വലിയ കുഴികളായി മാറി, എന്നാലും ഇവയിൽ വെള്ളം നിറഞ്ഞ് ആറിന് സമാന ഭംഗി നൽകുന്നുണ്ട്.
ദേശക്കല്ലിനുമുണ്ട് പ്രാധാന്യം
മണ്ണടി ദേവീക്ഷേത്രത്തിന്റെ അധികാര പരിധി സൂചിപ്പിക്കുന്നതാണ് റോഡിന്റെ വശത്തായി സ്ഥിതി ചെയ്യുന്ന ഇവിടുത്തെ ദേശക്കല്ല്. വാളും ശൂലവും ആലേഖനം ചെയ്തിട്ടുള്ള ദേശക്കല്ലിനെ ഇന്നും പ്രാർത്ഥനാപൂർവം നോക്കിക്കാണുകയാണ് ഗ്രാമവാസികൾ. മണ്ണടി ക്ഷേത്രത്തിൽ നിന്നുള്ള മുടി എഴുന്നള്ളത്ത് ദേശക്കല്ലിൽ എത്താറുണ്ടായിരുന്നു. ഇപ്പോഴും മണ്ണടി ഉത്സവ ദിനങ്ങളിൽ ദേശക്കല്ലിന് മുന്നിൽ ഗ്രാമവാസികൾ വിളക്കുതെളിച്ച് പ്രാർത്ഥന നടത്താറുണ്ട്.
ഐതീഹ്യ പെരുമയുടെ ആറ്റുവാശേരി
കല്ലടയാറിന്റെ തീരത്തെ പ്രകൃതി രമണീയമായ ആറ്റുവാശേരി ഗ്രാമത്തിന് ഐതീഹ്യപ്പെരുമയുമുണ്ട്. പാണ്ഡവരുടെ അജ്ഞാതവാസക്കാലത്ത് അവരെ തേടിയെത്തിയ നൂറ്റവർ (കൗരവർ) തമ്പടിച്ചത് ആറ്റുവാശേരിയിലാണെന്നാണ് ഐതീഹ്യങ്ങളിൽ സൂചിപ്പിക്കുന്നത്. നൂറ്റവരുടെ ചേരിയാണ് പിന്നീട് ആറ്റുവാശേരി ആയത്. കല്ലടയാറിന് മറുവശത്ത് പാണ്‌ഡവർ (ഐവർ) താമസിച്ചിരുന്നതിനാൽ ഇവിടം ഐവർകാലയെന്നും അറിയപ്പെടുന്നു. പവിത്രേശ്വരത്തെ ശകുനി ക്ഷേത്രവും പോരുവഴിയിലെ ദുര്യോധന ക്ഷേത്രവും കൗരവരും പാണ്ഡവരും പാങ്ങ് (വഴക്ക്) പറഞ്ഞ് പിരിഞ്ഞ പാങ്ങോട് പ്രദേശവുമൊക്കെ കഥയ്ക്ക് ഉപോത്ബലകമാണ്.