youth-movement
എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതിയുടെ കൊല്ലം ജില്ലാ നേതൃയോഗം യൂത്ത് മൂവ്മെന്റ് സംസ്ഥാന പ്രസിഡന്റ് പച്ചയിൽ സന്ദീപ് ഉദ്‌ഘാടനം ചെയ്യുന്നു. സംസ്ഥാന സെക്രട്ടറി രാജേഷ് നെടുമങ്ങാട്, പ്രമോദ് കണ്ണൻ, അനീഷ്, രഞ്ജിത് രവീന്ദ്രൻ, സിബു വൈഷ്ണവ്, അനിൽ, ശ്രീജിത്ത് തുടങ്ങിയവർ സമീപം

കൊല്ലം: നേതൃപാടവത്തിന്റെയും അർപ്പണബോധത്തിന്റെയും നേർസാക്ഷ്യമായിരുന്ന ആർ. ശങ്കറിന്റെ പാത പിന്തുടർന്ന് യുവാക്കൾ അധികാര സ്ഥാനങ്ങളിലേക്ക് എത്തണമെന്ന് യൂത്ത് മൂവ്മെന്റ് കേന്ദ്രസമിതി പ്രസിഡൻ്റ് പച്ചയിൽ സന്ദീപ് പറഞ്ഞു. എസ്.എൻ.ഡി.പി യോഗം യൂത്ത് മൂവ്മെന്റിന്റെ ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആർ. ശങ്കറിന് ശേഷം യോഗത്തിന് കുതിപ്പുണ്ടായത് വെള്ളാപ്പള്ളി നടേശൻ ജനറൽ സെക്രട്ടറിയായ ശേഷമാണ്. തുഷാർ വെള്ളാപ്പള്ളി യൂത്ത് മൂവ്മെന്റിന്റെ അമരത്ത് എത്തിയതോടെ യുവാക്കൾക്ക് ഉണർവുണ്ടായെന്നും പച്ചയിൽ സന്ദീപ് പറഞ്ഞു. ഇരുപതു ദിവസങ്ങൾക്കുള്ളിൽ ജില്ലയിലെ മുഴുവൻ യൂണിയനുകളിലും നേതൃയോഗങ്ങൾ ചേരാൻ തീരുമാനിച്ചു.

ജില്ലാ ചെയർമാൻ സിബു അദ്ധ്യക്ഷത വഹിച്ചു. കേന്ദ്രസമിതി സെക്രട്ടറി നെടുമങ്ങാട് രാജേഷ് മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്രസമിതി വൈസ് പ്രസിഡന്റുമാരായ രഞ്ജിത്ത് രവീന്ദ്രൻ, ശ്രീജിത്ത് മേലാങ്കോട് എന്നിവർ സംഘടനാ സന്ദേശം നൽകി. സൈബർ സേനാ കേന്ദ്രസമിതി ചെയർമാൻ അനീഷ് പുല്ലുവേലിൽ നവമാദ്ധ്യമ രംഗത്ത് യുവാക്കളുടെ പങ്ക് എന്ന വിഷയത്തിൽ സംസാരിച്ചു. യൂത്ത് മൂവ്മെന്റ്, കേന്ദ്രസമിതി അംഗം അനിൽ കണ്ണാടി, സൈബർ സേന ജില്ലാ കൺവീനർ അഭിലാഷ് റാന്നി എന്നിവരും സംസാരിച്ചു. ജില്ലാ ജോ. കൺവീനർ ഹരി സ്വാഗതവും ജില്ലാ ട്രഷറർ ഹനീഷ് കുണ്ടറ നന്ദിയും പറഞ്ഞു.