 
 സമീപ ജില്ലകളിലെ ഡോക്ടർമാരും രംഗത്ത്
കൊല്ലം: കരവാളൂർ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ വനിതാ ഡോക്ടറെ ജില്ലാ കള്കടർ അധിക്ഷേപിച്ചതായി ആരോപിച്ച് കെ.ജി.എം.ഒ എ നടത്തിവരുന്ന സമരം കൂടുതൽ ശക്തമാക്കുന്നു. കളക്ടറേറ്റിന് മുന്നിൽ നടത്തിവരുന്ന വായ്‌മൂടിക്കെട്ടിയുള്ള സമരത്തിന്റെ ആറാം ദിവസമായ ഇന്നലെ പത്തനംതിട്ടയിലെ കെ.ജി.എം.ഒ.എ വനിതാവിഭാഗം 'ഛായാമുഖി'യുടെ നേതൃത്വത്തിലുള്ള ഡോക്ടർമാർ പങ്കെടുത്തു.
ഛായാമുഖി പ്രസിഡന്റ് ഡോ. സുജ, സെക്രട്ടറി ഡോ. ബെറ്റ്സി, കെ.ജി.എം.ഒ പത്തനംതിട്ട ജില്ലാ വൈസ് പ്രസിഡന്റ് ഡോ. രേഷ്മ, ഡോ. ലക്ഷ്മി വർമ്മ, ഡോ. ദിവ്യ മോഹൻ എന്നിവർ പങ്കെടുത്തു. പ്രതിഷേധത്തിൽ പങ്കെടുത്തവരെ കെ.ജി.എം.ഒ.എ ജില്ലാ പ്രസിഡന്റ് ഡോ. എസ്. അജയകുമാർ, ജില്ലാ സെക്രട്ടറി ഡോ. ക്ലെനിൻ ഫ്രാൻസിസ് ഫെറിയ, സംസ്ഥാന വൈസ് പ്രസിഡന്റ് ഡോ. കിരൺ, 'നിവേദിത' സെക്രട്ടറി ഡോ. അഞ്ജു ജയകുമാർ എന്നിവർ ചേർന്ന് ആദരിച്ചു.
ഒന്നിലധികം ടോയ്ലെറ്റുകൾ ഇല്ലാത്ത വീട്ടിൽ കൊവിഡ് ബാധിതന് ഗൃഹചികിത്സ അനുവദിച്ചുവെന്ന് പറഞ്ഞാണ് കളക്ടർ കരവാളൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസറെ വിളിച്ചുവരുത്തി പരസ്യമായി ശാസിച്ചത്. ആരോഗ്യവകുപ്പ് ജില്ലയിൽ നടത്തിയ പഠനങ്ങളിലൂടെ വീടുകൾക്കുള്ളിൽ നിന്നുള്ള സമ്പർക്കം 16% മാത്രമാണെന്ന് തെളിഞ്ഞതായി ജെ.ജി.എം.ഒ.എ ഭാരവാഹികൾ പറയുന്നു. ഇത് മുഖ്യമന്ത്രി തന്നെ കഴിഞ്ഞദിവസം പത്രസമ്മേളനത്തിൽ പ്രഖ്യാപിച്ചതാണ്. എന്നാൽ ജില്ലാ കളക്ടർ അവകാശപ്പെടുന്നത് 85% രോഗവ്യാപനവും ഗൃഹചികിത്സ മൂലമാണെന്നാണ്. സംഭവം നടന്ന് ഇത്രയും ദിവസമായിട്ടും ചർച്ചയ്ക്ക് പോലും തയ്യാറാകാത്ത കളക്ടറുടെ നിലപാട് അപലപനീയമാണ്. എല്ലാവർക്കും മാതൃകയായി സേവനമനുഷ്ഠിച്ച വന്ന ഒരു ആരോഗ്യ പ്രവർത്തകയെയാണ് കളക്ടർ അവഹേളിച്ചതെന്നും കെ.ജി.എം.ഒ.എ ജില്ലാ ഭാരവാഹികൾ വ്യക്തമാക്കി.