 
71 ഡി.സി.സി ഭാരവാഹികൾ, 22 ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ എന്നിവരെയാണ് വിലയിരുത്തിയത്
കൊല്ലം: തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ജില്ലയിലെ കോൺഗ്രസ് ഭാരവാഹികൾക്ക് കെ.പി.സി.സി നിർദ്ദേശാനുസരണം മാർക്കിട്ടു. ഏറ്റവും കൂടുതൽ മാർക്കു കിട്ടിയവരാണ് പച്ചക്കുട്ടൻമാർ (ഗ്രീൻ വിഭാഗം). ശരാശരിക്കാർക്ക് കിട്ടിയത് മഞ്ഞക്കാർഡ് (യെല്ലോ വിഭാഗം ). വളരെ മോശം പ്രവർത്തനമുള്ളവർക്ക് ചുവപ്പും കിട്ടി. ജൂലായ്, ആഗസ്റ്റ്, സെപ്തംബർ മാസങ്ങളിൽ പാർട്ടി ഭാരവാഹികൾ എന്തൊക്കെ പ്രവർത്തനം ചെയ്തുവെന്നാണ് വിലയിരുത്തിയത്.
ജില്ലയിലെ 71 ഡി.സി.സി ഭാരവാഹികൾ, 22 ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ എന്നിവരെയാണ് വിലയിരുത്തിയത്. ഡി.സി.സി ഭാരവാഹികളിൽ 15 പേർക്കുമാത്രമാണ് ഏറ്റവും മുന്നിലുളള പച്ചഗ്രൂപ്പിൽ എത്താനായത്. മൊത്തം 20 ലായിരുന്നു മാർക്ക്. ഇതിൽ 17 മുതൽ മുകളിലോട്ട് മാർക്ക് നേടിയവരെയാണ് പച്ച വിഭാഗത്തിൽ ഉൾപ്പെടുത്തിയത്. അവരുടെ പ്രവർത്തനം ഏറ്റവും മികച്ചതെന്ന് വിലയിരുത്തപ്പെട്ടു. മൊത്തം 71 ഡി.സി.സി ഭാരവാഹികളിൽ 39 പേർ മഞ്ഞ വിഭാഗത്തിൽ ഉൾപ്പെട്ടു. 17 ഭാരവാഹികളുടെ പ്രവർത്തനം തീരെ മോശമെന്നാണ് വിലയിരുത്തൽ. അവരാണ് ചുവപ്പിൽ ഉൾപ്പെട്ടത്. ഇവർക്ക് ഇനി ഒരു അവസരം കൂടി നൽകും. അതും ചുവപ്പിലായാൽ പ്രശ്‌നമാവുമെന്നാണ് സൂചന. ബ്ലോക്ക് കോൺഗ്രസ് നേതാക്കളിൽ വെറും എട്ടുപേരുടേത് മാത്രമാണ് നല്ല പ്രവർത്തനം. ഇതിൽ 10 പേർക്ക് മഞ്ഞയും നാലു പേർക്ക് ചുവപ്പും കിട്ടി.
മാർക്കിന്റെ മാനദണ്ഡം ഇങ്ങനെ
കോൺഗ്രസിന്റെ മേൽഘടകങ്ങൾ നിർദ്ദേശിച്ച പ്രവർത്തനങ്ങൾ സംഘടിപ്പിക്കുക, വാർഡു തലങ്ങളിലെ പരിപാടികളിൽ പങ്കെടുക്കുക, സന്നദ്ധപ്രവർത്തനങ്ങൾ നടത്തുക എന്നിവയുൾപ്പെടെ ഭാരവാഹികളുടെ മൊത്തത്തിലുള്ള പ്രവർത്തനങ്ങളാണ് വിലയിരുത്തിയത്. കെ.പി.സി.സി സെക്രട്ടറി അഡ്വ. പഴകുളം മധു, അഡ്വ. സജി ജോസഫ്, ഡി.സി.സി പ്രസിഡന്റ് അഡ്വ. ബിന്ദുകൃഷ്ണ എന്നിവരാണ് നേതാക്കൾക്ക് മാർക്കിട്ടത്. മാർക്ക് ഷീറ്റും വിശദാംശങ്ങളും വേഗത്തിൽ കെ.പി. സി.സിക്ക് കൈമാറും.