c
തെന്മല വാലി എസ്റ്റേറ്റിലെ പൂന്തോട്ടം ഫാക്ടറിക്കുള്ളിൽ മരിച്ച ഇസക്കി മുത്തുവിന്റെ മൃതദേഹവുമായി പ്രതിഷേധിക്കുന്ന തോട്ടം തൊഴിലാളികൾ

പുനലൂർ: തെന്മലവാലി എസ്റ്റേറ്റിലെ തോട്ടം തൊഴിലാളി മരിച്ചത് ആംബുലൻസ് നൽകാത്തതിനാലാണെന്ന് ആരോപിച്ച് തൊഴിലാളിയുടെ മൃതദേഹവുമായെത്തിയ സംയുക്ത ട്രേഡ് യൂണിയൻ തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിച്ചു. ഇന്ന് മുതൽ എസ്റ്റേറ്റിലെ ആംബുലൻസ് സർവീസ് മുടക്കമില്ലാതെ നടത്തുമെന്ന പുനലൂർ ആർ.ഡി.ഒ ബി. ശശികുമാറിന്റെ ഉറപ്പിൽ ഇന്നലെ രാത്രി 9.30 ഓടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള സമരം അവസാനിപ്പിച്ചു. ഇസ് ഫീൽഡ് എസ്റ്റേറ്റ് പൂന്തോട്ടം ലയത്തിലെ ടാപ്പിംഗ് തൊഴിലാളിയായ ഇസക്കി മുത്തുവാണ് (48) മതിയായ ചികിത്സ ലഭിക്കാതെ മരിച്ചത്. ചൊവ്വാഴ്ച്ച രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ട തോട്ടം തൊഴിലാളി സമീപത്തെ എസ്റ്റേറ്റ് വക വി.വി.എം എസ് ആശുപത്രിയിൽ എത്തി പുനലൂർ ഗവ. താലൂക്ക് ആശുപത്രിയിൽ ചികിത്സയ്ക്ക് പോകാൻ ആംബുലൻസ് ആവശ്യപ്പെട്ടു. എന്നാൽ ഫാക്ടറിക്കുള്ളിൽ പൂട്ടിയിട്ടിരിക്കുന്ന ആംബുലൻസ്‌ വിട്ടുനൽകാൻ തോട്ടം ഉടമ തയ്യാറായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. മണിക്കൂറുകൾക്ക് ശേഷം ടാക്സി ജീപ്പ് വിളിച്ചാണ് ഇദ്ദേഹത്തെ പുനലൂർ ഗവ.താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡി. കോളേജിൽ അയച്ചെങ്കിലും സന്ധ്യയോടെ തൊഴിലാളി മരിച്ചു. തുടർ നടപടികൾക്ക് ശേഷം ഇന്നലെ വൈകിട്ടാണ് പൂന്തോട്ടത്ത് മൃതദേഹം എത്തിച്ചത്. സംയുക്ത ട്രേഡ് യൂണിയൻ നേതാക്കളായ സി. ചന്ദ്രൻ, മാമ്പഴത്തറ സലീം, പി.ബി. അനിൽ മോൻ, ശിവൻകുട്ടി , സിബിൽ ബാബു, തോമസ് മൈക്കിൾ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിഷേധ സമരം നടത്തിയത്.