
കൊല്ലം- മൂന്നാഴ്ച മുമ്പ് കൊവിഡ് ചികിത്സയിലിരിക്കെ മരിച്ചയാളുടെ സംസ്കാരം വൈകാനിടയായ സംഭവത്തിൽ ആരോഗ്യവകുപ്പിലെ താത്ക്കാലിക ജീവനക്കാരനെ പിരിച്ചുവിട്ടു. മെഡിക്കൽ കോളേജിലെ മോർച്ചറി വിഭാഗം ജീവനക്കാരനെയാണ് പിരിച്ചുവിട്ടത്. മഞ്ചള്ളൂർ മനോജ് ഭവനിൽ ദേവരാജന്റെ (63) മൃതദേഹത്തോട് അനാദരവ് കാണിച്ച സംഭവത്തിലാണ് നടപടി.ആരോഗ്യ വകുപ്പിന്റെ അനാസ്ഥയാണ് പത്തനാപുരം സ്വദേശിയുടെ മൃതദേഹത്തോടും വീട്ടുകാരോടുമുള്ള അനാദരവിന് കാരണമായത്.
കൊവിഡ് ബാധിച്ച് ഈ മാസം രണ്ടിനാണ് ദേവരാജൻ മരിച്ചത്. ശ്വാസംമുട്ടലിനെ തുടർന്ന് ഇദ്ദേഹത്തെ സെപ്റ്റംബർ 18ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ദേവരാജൻ കൊവിഡ് പോസിറ്റീവ് ആയതോടെ പുഷ്പ വീട്ടിലേക്ക് മടങ്ങി. പിന്നീട് പുഷ്പയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു.
ഒക്ടോബർ രണ്ടിനു ദേവരാജൻ മരിച്ചെന്ന് ആരോഗ്യ വകുപ്പ് അധികൃതർ ഫോണിൽ പുഷ്പയെ അറിയിക്കുകയായിരുന്നു. വീട്ടുവളപ്പിൽ സ്ഥലമില്ലാത്തതിനാൽ കൊല്ലത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നും അറിയിച്ചു. കൂടുതലൊന്നും പറയാതെ ഉദ്യോഗസ്ഥൻ അന്നു ഫോൺ വച്ചതായി പുഷ്പ പറയുന്നു. പിന്നീട് ഒരു വിവരവും ഇക്കാര്യത്തിൽ ഉണ്ടായില്ല. കൊവിഡ് നെഗറ്റീവ് ആയി പുറത്തിറങ്ങിയ പുഷ്പ, ദേവരാജന്റെ മരണാനന്തര ചടങ്ങുകൾ പൂർത്തിയാക്കി.
ഇന്നലെ മറ്റൊരാവശ്യവുമായി ബന്ധപ്പെട്ട് പുഷ്പ പത്തനാപുരം പൊലീസ് സ്റ്റേഷനിലെത്തിയപ്പോഴാണ് ദേവരാജന്റെ മൃതദേഹം സംസ്കരിച്ചിട്ടില്ലെന്ന വിവരം അറിയുന്നത്. ഭാര്യയുടെയോ ബന്ധുക്കളുടെയോ സമ്മതപത്രം ലഭിക്കാത്തതാണ് കാരണമെന്നായിരുന്നു ആരോഗ്യവകുപ്പിന്റെ വിശദീകരണം. മൃതദേഹം സംസ്കരിക്കുന്നതിന് ഇന്നലെ സമ്മതപത്രം നൽകിയതായി പുഷ്പ വെളിപ്പെടുത്തി. തുടർന്ന് ദേവരാജന്റെ മൃതദേഹം ഇന്ന് തിരുവനന്തപുരം ശാന്തികവാടത്തിൽ സംസ്കരിക്കുമെന്ന് പത്തനാപുരം പൊലീസ് അറിയിച്ചു.രണ്ട് ദിവസം മുമ്പ് കൊവിഡിനെ തുടർന്ന് മരിച്ച പുനലൂർ സ്വദേശി സുലൈമാന്റെ മരണവിവരം വീട്ടുകാർ അറിയാതെ മൃതദേഹം ദിവസങ്ങളോളം മോർച്ചറിയിൽ സൂക്ഷിക്കാനിടയായതിന് പിന്നാലെയാണ് ദേവരാജന്റെ കുടുംബത്തിന്റെയും ദുരനുഭവം.