ne
സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൻ്റെ ഷെഡ്ഡ് കാടുപിടിച്ച് ജീർണ്ണിച്ച് നശിച്ച നിലയിൽ.

തഴവ: സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകരുടേതടക്കമുള്ള ജീവനക്കാരുടെ കുടുംബങ്ങൾ പട്ടിണിയിലായി. തഴവ ,കുലശേഖരപുരം പഞ്ചായത്തുകളിൽ മാത്രം ഏകദേശം അറുപതോളം സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഉന്നത വിദ്യാഭ്യാസം നേടിയവരുടേതുൾപ്പടെ നൂറ് കണക്കിന് കുടുംബങ്ങളായിരുന്നു ഈ മേഖലയിൽ ഉപജീവനം തേടിയിരുന്നത്. എന്നാൽ കൊവിഡ് നിയന്ത്രണങ്ങൾ മാസങ്ങൾ നീണ്ടതോടെ തൊഴിലും വരുമാനവും നഷ്ടടപ്പെട്ട ഇവർ രൂക്ഷമായ പ്രതിസന്ധി നേരിടുകയാണ്.

ഷെഡുകൾ ചിതലരിച്ചു

ഇക്കഴിഞ്ഞ ഫെബ്രുവരിയിലെ ശമ്പളമാണ് സമാന്തര വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അദ്ധ്യാപകർ അവസാനമായി വാങ്ങിയത്. കൊവിഡിനെ തുടർന്ന് മാർച്ച് രണ്ടാം വാരം അടച്ചിട്ട സ്ഥാപനങ്ങൾ ഇന്നും തുറന്ന് പ്രവർത്തിപ്പിക്കുവാൻ കഴിയാത്ത അവസ്ഥയിലാണ്.

രണ്ട് മുതൽ അഞ്ച് ലക്ഷം രൂപ വരെ ചെലവഴിച്ചാണ് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഷെഡുകൾ നിർമ്മിക്കുന്നത്. മാസങ്ങളോളം അടച്ചിടേണ്ട സ്ഥിതി വന്നതോടെ ഷെഡുകൾ ചിതൽ കയറി ജീർണ്ണിച്ച് നശിച്ചു തുടങ്ങിയിരിക്കുകയാണ്. ഭൂരിഭാഗം സ്ഥാപന ഉടമകളും വിവിധ ധനകാര്യ സ്ഥാപനങ്ങളിൽ നിന്നും വായ്പ്പയെടുത്താണ് ഷെഡുകൾ നിർമ്മിച്ചിരിക്കുന്നത്. ഇവർ തിരിച്ചടവിന് പണം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് .

അധികൃതർ പരിഗണിക്കുന്നില്ല

ഈ സ്ഥാപനങ്ങളിലെ അദ്ധ്യാപകരിൽ 90 ശതമാനത്തിലധികം പേരും ബിരുദ - ബിരുദാനന്തര യോഗ്യത നേടിയവരാണ്. വർഷങ്ങളായി അദ്ധ്യാപകവൃത്തി ഉപജീവന മാർഗമാക്കിയ ഇവർ മാസാമാസം ലഭിക്കുന്ന തുശ്ചമായ വരുമാനം ഉപയോഗിച്ചാണ് കുടുംബം പുലർത്തിയിരുന്നത്.മാർച്ച് അവസാനം കുട്ടികളിൽ നിന്നും ലഭിക്കേണ്ട ഫീസ് കുടിശിക പോലും വാങ്ങാൻ കഴിയാതെ ഇരുട്ടിലേക്ക് ഇറങ്ങിയ ഇവരെ അധികൃതർ പോലും പരിഗണിക്കാത്ത അവസ്ഥയാണ്. ഇനി പതിനായിരക്കണക്കിന് രൂപ ചെലവഴിച്ച് ഷെഡുകൾ അറ്റകുറ്റപ്പണികൾ നടത്തിയാൽ മാത്രമേ സ്ഥാപനങ്ങളുടെ പ്രവർത്തനം പുനരാരംഭിക്കുവാൻ കഴിയുകയുള്ളു. ഒരിക്കൽ കൂടി കടം വാങ്ങി സ്ഥാപനം തുറക്കുവാൻ ഇവർ തയ്യാറാണെങ്കിലും എന്നാണ് അതിന് കഴിയുന്നത് എന്നതിൽ ഇപ്പോഴും അവ്യക്തത തുടരുകയാണ്.

മറ്റൊരു തൊഴിലും ഇനി കിട്ടാൻ സാദ്ധ്യതയില്ലാത്ത ഒരു കൂട്ടം വിദ്യാസമ്പന്നരാണ് പട്ടിണിയിലായത്. ഏതെങ്കിലും ക്ഷേമനിധിയിൽ പോലും അംഗങ്ങളല്ലാത്ത ഞങ്ങൾ മാസങ്ങളായി ഇരുട്ടിൽ തപ്പുകയാണ്. മാർച്ചിൽ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ ഫീസ് കുടിശികയിനത്തിൽ ലഭിക്കേണ്ട വലിയ ഒരു തുകയും നഷ്ടമായി.

സി. ഗോപകുമാർ

പ്രിൻസിപ്പൽ

ഗീതാഞ്ജലി

കുലശേഖരപുരം

വിവിധ മേഖലകളിൽപ്പെട്ട തൊഴിലാളികൾക്ക് സർക്കാർ ആശ്വാസധനസഹായം നൽകിയപ്പോഴും സമാന്തര വിദ്യാഭ്യാസ മേഖലയെ പരാഗണിച്ചില്ല. ജോലിയും കൂലിയും നഷ്ടപ്പെട്ട ഈ മേഖലയിലെ ഭൂരിഭാഗം അദ്ധ്യാപകരും ഇതിനാലകം തന്നെ കടക്കെണിയിലായിരിക്കുകയാണ്.

പ്രമോദ്

അക്ഷര അക്കാദമി പാവുമ്പ