fishing

രഹസ്യമായി ഹാർബറിലെത്തി മത്സ്യം വിൽക്കുന്നു

കൊല്ലം: കൊവിഡ് വ്യാപന സാദ്ധ്യത ഉയർത്തി നീണ്ടകരയിൽ രഹസ്യമായി തമിഴ് വള്ളങ്ങൾ അടുക്കുന്നു. ഓരോ ഹാർബറുകളിൽ നിന്നും പുറപ്പെടുന്ന യാനങ്ങൾ മാത്രമേ അവിടങ്ങളിൽ തിരിച്ചടുക്കാൻ പാടുള്ളൂ എന്ന ചട്ടം ലംഘിച്ചാണ് തമിഴ്നാട് വള്ളങ്ങളെത്തി മത്സ്യക്കച്ചവടം നടത്തുന്നത്. 22 വള്ളങ്ങളാണ് സ്ഥിരമായി നീണ്ടകര ഹാർബറിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഒരു വിഭാഗം ലേലക്കാരാണ് ഇവർക്ക് മത്സ്യക്കച്ചവടത്തിനുള്ള ഒത്താശ ചെയ്തുകൊടുക്കുന്നത്. ഇവരിൽ നിന്ന് ലേലക്കാർ വൻതുക കമ്മിഷൻ വാങ്ങുന്നതായാണ് സൂചന. ഹാർബർ, ഫിഷറീസ് വകുപ്പ് അധികൃതർക്ക് ഇതിനെക്കുറിച്ച് വിവരം ലഭിച്ചിട്ടും നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഹാർബറുകളിൽ നിന്ന് മത്സ്യബന്ധനത്തിന് പോകുന്ന വള്ളങ്ങൾ സർക്കാരിന്റെ കൊവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്നാണ് ചട്ടം. പക്ഷേ ഈ പോർട്ടലിൽ രജിസ്റ്റർ ചെയ്യാതെയാണ് തമിഴ് വള്ളങ്ങൾ അടുക്കുന്നത്.

50 വലിയ ബോട്ടുകൾ ഇപ്പോഴും കടലിൽ

ശക്തികുളങ്ങര ഹാർബർ കഴിഞ്ഞമാസം അവസാനം അടച്ചപ്പോൾ മടങ്ങിയെത്താതിരുന്ന 50 ഓളം വലിയ ബോട്ടുകൾ ഇപ്പോഴും കടലിൽ തുടരുന്നുണ്ട്. നിയമം ലംഘിച്ച് കടലിൽ തുടർന്ന ഈ ബോട്ടുകൾ മടങ്ങിയെത്തുമ്പോൾ രണ്ടര ലക്ഷം രൂപ വീതം പിഴ ചുമത്താൻ ധാരണയുണ്ട്. ഇതിൽ നിന്ന് ഒഴിവാകാൻ കടലിൽ തുടരുന്ന ബോട്ടുകൾ തമിഴ് വള്ളങ്ങളെ ഉപയോഗിച്ച് നേരത്തേ പിടിച്ച് സൂക്ഷിച്ചിരുന്ന മത്സ്യം കരയ്ക്കെത്തിക്കുകയാണെന്ന സംശയവുമുണ്ട്.

തമിഴ്നാട്ടിലെ തീരമേഖലയിൽ കൊവിഡ് വ്യാപനം രൂക്ഷം

തമിഴ്നാട്ടിലെ തീരമേഖലയിൽ കൊവിഡ് വ്യാപനം ഇവിടുത്തെക്കാൾ രൂക്ഷമാണ്. അവിടെ നിന്നുള്ള തൊഴിലാളികൾ ഇവിടെയെത്തുന്നത് നീണ്ടകരയിലും കൊവിഡ് വ്യാപനത്തിന് ഇടയാക്കും. കഴിഞ്ഞമാസം അവസാനം അടച്ച നീണ്ടകര ഹാർബർ ആഴ്ചകളോളം അടഞ്ഞുകിടന്ന ശേഷം കർശന വ്യവസ്ഥകളോടെയാണ് അടുത്തിടെ തുറന്നത്. തമിഴ് വള്ളങ്ങൾക്ക് ഒരു വിഭാഗം ഒത്താശ ചെയ്യുന്നത് പ്രദേശത്ത് കൊവിഡ് പടരാനും തദ്ദേശ തൊഴിലാളികൾ വീണ്ടും പട്ടിണിയിലാവാനും ഇടയാക്കും.

22 തമിഴ് വള്ളങ്ങളാണ് സ്ഥിരമായി നീണ്ടകര ഹാർബറിൽ എത്തുന്നത്