
കൊല്ലം: കൊവിഡ് വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ സംവിധാനം കൂടുതൽ വികേന്ദ്രീകരിക്കാൻ ജില്ലയിൽ ഡൊമിസിലറി കെയർ സെന്ററുകൾ തുടങ്ങാൻ ആരോഗ്യവകുപ്പ് ആലോചിക്കുന്നു. വീടുകളിൽ സുരക്ഷിതമായി താമസിക്കാൻ സൗകര്യമില്ലാത്ത കൊവിഡ് ബാധിതരെയാണ് ഡൊമിസിലറി കെയർ സെന്ററുകളിലേക്ക് (ഡി.എസ്.സി) മാറ്റുക. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കും സെക്കൻഡ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾക്കും ഇടയിലായിട്ടാകും ഡൊമിസിലറി കെയർ സെന്ററുകളുടെ പ്രവർത്തനം. കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുകയും മതിയായ ആരോഗ്യ പ്രവർത്തകരില്ലാത്ത അവസ്ഥയുണ്ടാവുകയും ചെയ്യുന്ന പ്രത്യേക സാഹചര്യത്തിലാണ് മുഴുവൻ സമയ ആരോഗ്യ പ്രവർത്തകരുടെ സേവനം ആവശ്യമില്ലാത്തതും രോഗികൾക്ക് മതിയായ ചികിത്സ ലഭ്യമാക്കുന്നതുമായ ഡൊമിസിലറി കെയർ യൂണിറ്റുകളെപ്പറ്റി ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. രോഗവ്യാപനം കൂടിയ പല ജില്ലകളിലും വിജയകരമായി പരീക്ഷിക്കപ്പെട്ട ഈ സംവിധാനം ചികിത്സയ്ക്കും രോഗ പ്രതിരോധത്തിനും ഉത്തമമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ജില്ലയിലും ആരംഭിക്കാൻ ആലോചിക്കുന്നത്.
671 പേർ ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ
നിലവിൽ 671 പേരാണ് ജില്ലയിലെ വിവിധ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളിൽ ചികിത്സയിലുള്ളത്. ലക്ഷണങ്ങളില്ലാത്തതും കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലാത്തവരുമായ രോഗികളാണ് ഇവർ. ആരോഗ്യവിദഗ്ദ്ധരുടെ പ്രത്യേക ടീം ഇവരെ എല്ലാ ദിവസവും നിരീക്ഷിക്കും. തദ്ദേശസ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണത്തോടെ ഈ കേന്ദ്രങ്ങളിലെ രോഗികൾക്കുള്ള ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കും. ആവശ്യമെങ്കിൽ ആംബുലൻസ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ലഭ്യമാക്കും.
ജില്ലയിൽ നിലവിലുള്ള സി.എഫ്.എൽ.ടി.സികൾ - 18
രോഗികൾ ചികിത്സയിൽ കഴിയുന്നത് - 10
സജ്ജമായ പുതിയ സി.എഫ്.എൽ.ടി.സികൾ - 14
എന്താണ് ഡൊമിസിലറി കെയർ സെന്ററുകൾ
വീടുകളിൽ സുരക്ഷിതമായി കഴിയാൻ സൗകര്യമില്ലാത്ത കൊവിഡ് ബാധിതർക്ക് സർക്കാർ തലത്തിൽ സമാന ചികിത്സ നൽകുന്ന പദ്ധതിയാണിത്. ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനം മുഖേനെ നോഡൽ ഓഫീസറെയും ക്ലീനിംഗ് സ്റ്റാഫിനെയും സെന്ററുകളിൽ നിയമിക്കും. ബന്ധപ്പെട്ട മെഡിക്കൽ ഓഫീസർ ദിവസേനെ ഫോൺ മുഖേന രോഗികളുടെ ആരോഗ്യ വിവരങ്ങൾ ശേഖരിക്കും. വീട്ടിൽ മതിയായ സൗകര്യങ്ങളില്ലാത്ത രോഗികൾക്ക് വലിയ ആശ്വാസമാകുന്ന പദ്ധതിയാണിത്.
ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാം
വീട്ടിൽ മതിയായ സൗകര്യങ്ങളില്ലാത്ത രോഗികൾക്ക് വലിയ ആശ്വാസമാകുന്ന തീരുമാനമാണിത്. ആശുപത്രികളിലെത്തുന്ന രോഗികളുടെ എണ്ണം കുറയ്ക്കാനുമാകും. ആദ്യഘട്ടത്തിൽ ഫസ്റ്റ്‌ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളോട് ചേർന്നാണ് ഡൊമിസിലറി കെയർ യൂണിറ്റുകൾ ആരംഭിക്കുക. വ്യാപനം രൂക്ഷമായാൽ ഇവയുടെ എണ്ണം വർദ്ധിപ്പിക്കും. ഇതിനായി തദ്ദേശസ്ഥാപനങ്ങൾ തോറും കേന്ദ്രങ്ങൾ കണ്ടെത്തും. കൂടുതൽ ചികിത്സ ആവശ്യമുള്ളവരെ കൊവിഡ് ട്രീറ്റ്മെന്റ് സെന്ററുകളിലാക്കും. അതീവശ്രദ്ധയും പരിചരണവും ആവശ്യമുള്ളവരെ കൊവിഡ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന തരത്തിലാണ് ചികിത്സ ക്രമീകരിക്കുക.