covid

കൊല്ലം: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിൽ പ്രതിദിനം 5000 കൊവിഡ് പരിശോധനകൾ നടത്തുന്നുവെന്ന് ആരോഗ്യ വകുപ്പ്. ദിവസവും 5500 പരിശോധനകൾ നടത്തുകയാണ് ലക്ഷ്യം. തിരുവനന്തപുരം രാജീവ്ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ബയോടെക്‌നോളജിയിലേക്ക് 1000 സാമ്പിളുകൾ ആർ.ടി.പി.സി പരിശോധയ്ക്കായി ദിവസവും അയയ്ക്കുന്നുണ്ട്. എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആന്റിജൻ ടെസ്റ്റും പനി, ചുമ, തൊണ്ടവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നവർക്കായി ആർ.ടി.പി.സി.ആർ പരിശോധനകളും നടക്കുന്നുണ്ട്.

പരിശോധനാ വിവരങ്ങൾ ഇങ്ങനെ

1. ജില്ലാ പബ്ലിക് ഹെൽത്ത് ലാബ് 24 മണിക്കൂറും പ്രവർത്തിക്കുന്ന ട്രൂനാറ്റ് പരിശോധനാ കേന്ദ്രമാണ്

2. പാരിപ്പള്ളി മെഡി.കോളേജിൽ 200 സാമ്പിളുകളിൽ ആർ.ടി.പി.സി.ആർ പരിശോധന നടത്താനുള്ള സൗകര്യമുണ്ട്.

3. പാരിപ്പള്ളി മെഡിക്കൽ കോളേജിൽ ട്രൂനാറ്റ്, സി ബി നാറ്റ് സംവിധാനങ്ങളുമുണ്ട്.

4. പുനലൂർ, കരുനാഗപ്പള്ളി താലൂക്ക് ആശുപത്രികളിൽ ട്രൂനാറ്റ് ടെസ്റ്റും ആന്റിജൻ/ആർ.ടി. പി.സി.ആർ വാക്ക് ഇൻ ടെസ്റ്റും സ്വകാര്യ ലാബുകളുമായി ചേർന്ന് ഏർപ്പെടുത്തിയിട്ടുണ്ട്.

5. വേഗത്തിൽ പരിശോധനാഫലം ലഭിക്കേണ്ടവർക്ക് നേരിട്ടെത്തി വാക്ക് ഇൻ ടെസ്റ്റ് നടത്താം.

6. രോഗികളുമായി സമ്പർക്കം സംശയിക്കുന്ന ഉദ്യോഗസ്ഥർക്കായി ചൊവ്വ, വ്യാഴം ദിവസങ്ങളിൽ കൊല്ലം ടി.എം വർഗീസ് ഹാളിൽ സ്‌പെഷ്യൽ ഡ്രൈവ് ഇൻ പരിശോധന നടത്തുന്നുണ്ട്

7. കൊല്ലം കോർപ്പറേഷൻ പരിധിയിലുള്ളവർക്ക് ആരോഗ്യ പ്രവർത്തകരുമായി ബന്ധപ്പെട്ടാൽ ഇവിടെയെത്തി പരിശോധന നടത്തുന്നതിന് സൗകര്യം ഒരുക്കിയിട്ടുണ്ട്.

ആന്റിജൻ നെഗറ്റീവാണെങ്കിൽ ആർ.ടി.പി.സി.ആർ ആവശ്യമില്ല

ആന്റിജൻ ടെസ്റ്റിൽ രോഗമുക്തി നേടിയവർ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. ചില കേസുകളിൽ രോഗമുക്തിക്ക് ശേഷവും ഇൻഫ്‌ളുവൻസാ പോലെയുള്ള രോഗലക്ഷണങ്ങൾ (പനി, ചുമ, തൊണ്ടവേദന, ശ്വാസംമുട്ടൽ) പ്രകടിപ്പിക്കുന്നവരിൽ ആർ.ടി.പി.സി.ആർ പരിശോധനയിൽ പോസിറ്റീവായി കാണിച്ചിരുന്നു. ആർ.ടി.പി.സി.ആർ വൈറസിന്റെ ആർ.എൻ.എയുടെ സാന്നിദ്ധ്യമാണ് പരിശോധിക്കുന്നത്. കൊവിഡിന്റെ നാശം സംഭവിച്ച (മൃത രോഗാണുക്കൾ) വൈറസുകളുടെ സാന്നിദ്ധ്യവും പോസിറ്റീവ് ഫലം കാണിക്കുന്നതിന് ഇടയാക്കുമെന്നാണ് ആരോഗ്യ വകുപ്പിന്റെ വിശദീകരണം.

ആന്റിജൻ ടെസ്റ്റിൽ രോഗമുക്തി നേടിയവർ വീണ്ടും ആർ.ടി.പി.സി.ആർ പരിശോധനയ്ക്ക് വിധേയമാകേണ്ടതില്ല.

ഡോ.ആർ.ശ്രീലത, ജില്ലാ മെഡിക്കൽ ഓഫീസർ