
 കേരളത്തിലേക്ക് മറുനാടൻ ഏത്തക്കുലകൾ
കൊല്ലം: വിപണിയിൽ മറുനാടൻ ഏത്തക്കുലകൾ വൻ തോതിൽ എത്തിത്തുടങ്ങിയതോടെ നാടൻ ഏത്തക്കുലയ്ക്ക് ഡിമാൻഡ് കുറഞ്ഞത് കർഷകർക്ക് തിരിച്ചടിയാകുന്നു. കിലോയ്‌ക്ക് 25 മുതൽ 30 രൂപ വരെ നിരക്കിലാണ് തമിഴ്നാട്, മൈസൂർ ഏത്തക്കുലകൾ വിപണിയിൽ ഉപഭോക്താവിന് നൽകുന്നത്. ശരാശരി 35 രൂപ നിരക്കിൽ ഏത്തപ്പഴവും ഉപഭോക്താവിന് ലഭിക്കുന്നുണ്ട്. പച്ചക്കറിവില വിപണിയിൽ കുത്തനെ ഉയർന്നതും മറുനാടൻ ഏത്തക്കുലയുടെ വിലയെ ബാധിച്ചില്ല. പ്രതികൂല അന്തരീക്ഷത്തോട് മത്സരിച്ച് ഏത്തവാഴ കൃഷി ചെയ്യുന്ന സാധാരണ കർഷകരാണ് ഇതോടെ വെട്ടിലായത്.
ശരാശരി 40 രൂപയാണ് ഒരു കിലോ നാടൻ ഏത്തക്കായ്ക്ക് കർഷകന് ലഭിക്കുന്നത്. വിത്തും വളവും നോട്ടക്കൂലിയും ജോലിക്കൂലിയും കൂട്ടുമ്പോൾ ഈ വിലയിൽ വിറ്റാൽ മിച്ചം നഷ്ടം മാത്രമാണ്. ഉത്പന്നങ്ങൾ വിറ്റഴിക്കാൻ വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിന്റെ (വി.എഫ്.പി.സി.കെ) വിപണികൾ കർഷകർക്ക് നൽകുന്ന സഹായം ചെറുതല്ല. എന്നാൽ വിലക്കുറവിൽ മറുനാടൻ കുലകൾ എത്തിത്തുടങ്ങിയതോടെ പ്രാദേശിക വിപണനത്തെ വലിയ തോതിൽ ബാധിച്ചു.
 ആരോഗ്യം കാക്കും
കീടനാശിനി, രാസ പ്രയോഗത്തിലൂടെയാണ് പച്ചക്കറികളെ പോലെ മറുനാടൻ കുലകളും കേരളത്തിലെത്തുന്നത്. നാട്ടിലെ കർഷകർ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്ന കീട പ്രയോഗങ്ങൾ നടത്താറില്ല. നാടൻ, മറുനാടൻ ഇനങ്ങൾ കഴിക്കുമ്പോൾ തന്നെ രുചിവ്യത്യാസം അറിയാം.
 ഉത്പാദന ചെലവ് കൂടുന്നു
1. ജല ലഭ്യതയുള്ള പാടശേഖരങ്ങളിലും കരയിലും ഏത്തവാഴകൾ നടുന്നവരാണ് കേരളത്തിലെ കർഷകരിൽ അധികവും
2. രണ്ടിടത്തും ഉത്പാദന ചെലവ് വ്യത്യസ്‌തം. കാലാവസ്ഥയെ ആശ്രയിച്ചാണ് കര കൃഷി. യഥാസമയം മഴ ലഭിച്ചില്ലെങ്കിൽ നഷ്ടം നേരിടും
3. ഒരു കിലോ ഏത്തക്കായ ഉത്പാദിപ്പിക്കാൻ 25 രൂപ ചെലവ് വരുമെന്നാണ് സർക്കാർ കണക്ക്
4. ഇതിന്റെ 20 ശതമാനം കൂടി വർദ്ധിപ്പിച്ച് 30 രൂപയാണ് സർക്കാർ തറവില പ്രഖ്യാപിച്ചത്
5. ശരാശരി എട്ട് കിലോ തൂക്കമെങ്കിലുമുള്ള കുല ലഭിച്ചെങ്കിലേ കർഷകർക്ക് നേട്ടമുള്ളൂ
6. ആവശ്യത്തിന് തൊഴിലാളികളെ കിട്ടാത്തതും പ്രതിസന്ധിയാണ്
 1 ഏത്തവാഴ -
കർഷകന്റെ ചെലവ്
വിത്ത്: 15 രൂപ
പാട്ടക്കൂലി: 15 രൂപ (ഒരു വാഴയ്ക്ക് )
നടീൽ സമയത്തെ ചാണകം: 20 - 30 രൂപ
എല്ലുപൊടി: 15 - 20 രൂപ
നീറ്റ് കക്ക/ ഡോളമൈറ്റ്: 5 രൂപ
രാജ്ഫോസ്: 5 രൂപ
ആറ് തവണയുള്ള വളമിടീൽ: 30 രൂപ
തടമൊരുക്കൽ, പരിപാലനം, ജോലിക്കൂലി (ശരാശരി): 60 രൂപ
''
ഉത്പാദന ചെലവ് കൂടി. ഇതിന് അനുസരിച്ച് വില ലഭിച്ചെങ്കിലേ കൃഷി മുന്നോട്ട് കൊണ്ടുപോകാനും ജീവിക്കാനും കഴിയൂ.
രാജേഷ്, യുവ കർഷകൻ
''
തമിഴ്നാട്ടിലും മൈസൂരിലും വലിയ തോതിൽ ഉത്പാദനം നടന്നതാണ് മറുനാടൻ ഏത്തക്കുലകളുടെ കുത്തൊഴുക്കിന് കാരണം.
വ്യാപാരികൾ