mubarak-pasha

ശ്രീനാരായണ ഗുരുവിന്റെ പേരിലുള്ള സംസ്ഥാനത്തിന്റെ ആദ്യ ഓപ്പൺ സർവകലാശാലയുടെ വി.സിയായി ചുമതലയേറ്റ ശേഷം ഡോ. പി.എം. മുബാറക്ക് പാഷ കേരള കൗമുദിയോട് സംസാരിക്കുന്നു.

വി.സിയായുളള നിയമനത്തെക്കുറിച്ച് എന്തുതോന്നുന്നു?
ചരിത്രം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്ത ഒരാളാണ് ഞാൻ. ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ നിയോഗമായി കരുതുന്നു. നിത്യ ചൈതന്യ യതിയ്ക്ക് എന്റെ അച്ഛൻ സഹോദര തുല്യനായിരുന്നു. യതി പറഞ്ഞു നടന്ന ഋഷിപ്രോക്തങ്ങളെല്ലാം ഗുരുവിന്റെ സൂക്തങ്ങളാണ്. ആ മഹാഗുരുവിന്റെ മഹത് വചനങ്ങൾകൂടി പ്രചരിപ്പിക്കുന്ന ഈ സർവകലാശാലയുടെ തലപ്പത്ത് എത്തിയത് അപൂർവഭാഗ്യം.

എങ്ങനെയാകും യുണിവേഴ്‌സിറ്റിയുടെ പ്രവർത്തനം?
എല്ലാ വിഭാഗം ജനങ്ങൾക്കുവേണ്ടിയും പ്രത്യേകിച്ച് സാധാരണക്കാർക്ക് പഠിക്കാനുളള സംവിധാനമൊരുക്കുകയാണ് ലക്ഷ്യം. ശ്രീനാരായണ ഗുരുവിനെ ലോകമാകെ അറിയിക്കണം. അദ്ദേഹത്തിന്റെ വിശ്വമാനവികത യുവതലമുറയിലും എല്ലാ സംസ്ഥാനങ്ങളിലും ലോകരാജ്യങ്ങളിലും എത്തും വിധത്തിലുളള സിലബസും അനുബന്ധ പ്രവർത്തനങ്ങളും ഉണ്ടാവും. ഗുരുവിന്റെ നവോത്ഥാന മൂല്യങ്ങളുടെ പരിസരമാണ് സർവകലാശാലയുടെ ഹൃദയം. ഒരൊറ്റക്കൊല്ലം കഴിയുമ്പോൾ അത് നാടിന് ബോദ്ധ്യമാവും.

എങ്ങനെയാവും അത് നടപ്പാവുക?

ശ്രീനാരായണ ഓപ്പൺ സർവകലാശാലയുടെ പ്രവർത്തനമേഖല ആകാശത്തിന് കീഴെയാണ്. സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും സർവകലാശാലയിൽ പഠിക്കാൻ എല്ലാവിഭാഗത്തിനും എത്താനാവുന്ന വിധം സംവിധാനങ്ങളൊരുക്കും. അതിനുളള പ്രചാരണം ആലോചിക്കുന്നുണ്ട്. കൾച്ചറൾ എക്‌സചേഞ്ച് പ്രോഗ്രാം വഴിയും സാദ്ധ്യത തേടുന്നുണ്ട്. പ്രോ-വൈസ് ചാൻസലർ, രജിസ്ട്രാർ എന്നിവരുമായി ആലോചിച്ച് വളരെ വേഗം കാര്യങ്ങൾ നീക്കും.

ഗുരുദേവനെക്കുറിച്ച് പഠിക്കാൻ എന്തൊക്കെയാവും ചെയ്യുക?
നോക്കൂ, മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയെ പൊതുവിൽ അറിയപ്പെടുന്നത് എം.ജി യൂണിവേഴ്‌സിറ്റിയെന്നാണ്. പക്ഷേ ഈ സർവകലാശാല പേരിൽ പോലും അങ്ങനെയാവില്ല. എസ്.എൻ യൂണിവേഴിസിറ്റിയെന്നല്ല ഇത് അറിയപ്പെടുക. ശ്രീനാരായണ ഗുരു യൂണിവേഴ്‌സിറ്റി എന്നു തന്നെയാവും. ഗുരുവിന്റെ അറിവിന്റെ മഹാപ്രപഞ്ചം ലോകത്തിന് തുറന്നു കൊടുക്കാൻ പോകുന്നു. അതിൻമേൽ പ്രത്യേക കോഴ്‌സുകളും പഠന പ്രക്രിയകളുമെല്ലാം സജ്ജമാക്കും. വിഷയങ്ങളുടെയെല്ലാം ഒരു സബ്സിഡിയറിയായി ശ്രീനാരായണ ഗുരുദർശനങ്ങളുടെ പഠനം കൊണ്ടുവരുന്നതിനെപ്പറ്റി ആലോചിക്കും. ഒരു പക്ഷേ നാളെ ലോകം കേരളത്തെ അറിയുക ശ്രീനാരായണ ഗുരുവിന്റെ നാട് എന്ന തരത്തിലാവാം. അതിലേക്കൊരു പ്രയാണമാണ് ഞങ്ങൾ കൂട്ടായി നടത്താൻ പോകുന്നത്. അറിവിന് മനുഷ്യമുഖം വേണമെന്ന ഗുരുവചനം പ്രാവർത്തികമാവാൻ പോകുന്നു. കാത്തിരുന്ന് കാണുക.

പഠന വിഷയങ്ങളും മറ്റും തീരുമാനിച്ചോ?
ബോർഡ് ഒഫ് സ്റ്റഡീസ് വൈകാതെ ഉണ്ടാവും. ഉന്നത വിദ്യാഭ്യാസ വകുപ്പുമായി ഉടനെ ആലോചനകൾ നടത്തി അതിൻമേൽ തീരുമാനമുണ്ടാക്കും. പണ്ഡിത ശ്രേഷ്ഠരും വിദ്യാഭ്യാസ വിചക്ഷണരും ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്നവരുടെയെല്ലാം സംഭാവനകൾ ചേർന്ന ബഹുസ്വരതയുടെയും മാനനവിക മൂല്യങ്ങളുടെയും പഠനസ്ഥലമാകും ശ്രീനാരായണ ഗുരു സർവകലാശാല.

ക്ലാസുകൾ എപ്പോൾ നടത്താനാവും?
ഈ അദ്ധ്യയന വർഷത്തിൽ തന്നെ ക്ലാസുകൾ ആരംഭിക്കുന്നതിനാണ് ആലോചിക്കുന്നത്. നാലുവർഷവും കുടുംബ സമേതം കൊല്ലത്തു തന്നെ താമസിക്കും. ഒരുവർഷം കഴിയുമ്പോൾ ചോദിക്കണം ശ്രീനാരായണ ഗുരുവിന്റെ മഹത് മൂല്യങ്ങൾ സർവകലാശാല എങ്ങനെ പഠന വിഷയമാക്കിയെന്ന്. വ്യക്തമായി കാണിച്ചുതരാൻ ഞാനും എന്റെ ടീമും ഉണ്ടാവും. ഇല്ലെങ്കിൽ നിങ്ങൾക്കെന്നെ ശക്തമായി വിമർശിക്കാം.