 
കരുനാഗപ്പള്ളി : സഹപാഠിയ്ക്ക് സ്നേഹക്കൂട് ഒരുക്കിയ കരുനാഗപ്പള്ളി ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ പ്രവർത്തനം മാതൃകയാകുന്നു. സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ ഇർഫാന്റെ സ്വന്തമായി വിടെന്ന സ്വപ്നം അങ്ങനെ യാഥാർത്ഥ്യമാകുകയാണ്. രണ്ട് മുറികളും ഹാളും കിച്ചണും ബാത്ത് റൂമും ഉൾക്കൊള്ളുന്ന വീട് സ്കൂളിലെ എൻ.എസ്.എസ് യൂണിറ്റിന്റെ ശ്രമഫലമായാണ് നിർമ്മിച്ചത്. വീടിന്റെ താക്കോൽദാനകർമ്മം ഇന്ന് ആർ.രാമചന്ദ്രൻ എം.എൽ.എ നിർവഹിക്കും. ഇതോടനുബന്ധിച്ച സംഘടിപ്പിക്കുന്ന പൊതു സമ്മേളനം എ.എം.ആരിഫ് എം.പി ഉദ്ഘാടനം ചെയ്യും. . ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സി.രാധാമണി, കാപ്പക്സ് ചെയർമാൻ പി.ആർ.വസന്തൻ, കുലശേഖരപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീലേഖ കൃഷ്ണകുമാർ, എൻ.എസ്.എസ് സ്റ്റേറ്റ് കോ- ഓർഡിനേറ്റർ ജേക്കബ് ജോൺ തുടങ്ങിയവർ പങ്കെടുക്കും. ഇർഫാന് 5 വയസുള്ളപ്പോഴാണ് വാഹനാപകടത്തിൽ ഉമ്മ മരിച്ചത്.അപകടത്തിൽ ബാപ്പക്ക് ഗുരുതരമായി പരിക്കേറ്റ് ശരീരം തളർന്ന് കിടപ്പിലായി അപകടത്തിൽ നിന്നും ഇർഫാൻ അത്ഭുതകരമായി രക്ഷപെട്ടു. തളർന്ന് കിടക്കുന്ന ബാപ്പയും ഇളയ സഹോദരിയുമായി ഇൻഫാൻ ബന്ധു വീടുകളിൽ താമസിച്ച് പഠിച്ചു. ഇപ്പോൾ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് ടൂ വിദ്യാർത്ഥിയാണ്. ഇർഫാന്റെ ജീവിത കഥ അറിഞ്ഞ സഹപാടികൾ എൻ.എസ്.എസിന്റെ നേതൃത്വത്തിൽ വീട് നിർമ്മിച്ച് നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇർഫാന്റെ സ്വപനം പൂവണിഞ്ഞ സന്തോഷത്തിലാണ് ബാപ്പയും സഹോദരിയും. . സ്കൂൾ പ്രിൻസിപ്പൽ കെ. ബി .ഉന്മേഷ്, പി.ടി.എ പ്രസിഡണ്ട് അനിൽ .ആർ .പാലവിള, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ഗീതാകുമാരി, എൽ. എസ്. ജയകുമാർ, ഷിഹാബ് എസ് പൈനുംമൂട് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.