കടയ്ക്കൽ : നിലമേൽ മടത്തറ റോഡിൽ അപകടം തുടർകഥയാകുന്നു. ബുധനാഴ്ച രാവിലെയാണ് ഏറ്റവും അവസാനത്തെ അപകടം നടന്നത്.ഇതിൽ പാങ്ങലുകാട് അഴകത്തുവിള ഷിജു ഭവനിൽ ഷിബുവാണ് മരിച്ചത്.മാസത്തിൽ രണ്ടും മൂന്നും അപകടങ്ങൾ ഇവിടെ പതിവാണ് .നിരവധി ജീവനുകൾ പൊലിഞ്ഞു. സാരമായി പരിക്കേറ്റത്തിന്റെ അവശതകളുമായി കഴിയുന്നവരും ഏറെയാണ്.
അധികൃതർ നടപടിയെടുക്കണം
അപകടങ്ങൾ തുടർക്കഥയായിട്ടും അധികൃതർ കണ്ണുതുറന്നിട്ടില്ല .അപകട നിയന്ത്രണ സംവിധാനങ്ങളോ അപകട സൂചകങ്ങളോ നാളിതുവരെ ഇവിടെ ഉണ്ടാക്കിയിട്ടുമില്ല . മുൻപ് അപകടങ്ങൾ പരമ്പരയായി എത്തിയപ്പോൾ നിലമേൽ മടത്തറ റോഡിന്റെ ശാപം കണ്ടുപിടിക്കാൻ അധികൃതർ ഇറങ്ങി തിരിച്ചിരുന്നു .എന്നാൽ പരിശോധനകൾ വഴിപാടായി മാറി .പരിഹാര മാർഗങ്ങൾ ഒന്നും നടപ്പാക്കിയതുമില്ല .വാഹനങ്ങളുടെ അമിത വേഗവും അശ്രദ്ധയോടെയുള്ള ഡ്രൈവിംഗും കൂടുതൽ ദുരന്തങ്ങൾ ഉണ്ടാക്കുന്നു .നിരത്തിൽ പൊലീസിന്റെ സാന്നിദ്ധ്യവും വാഹന പരിശോധനയും വ്യാപകമാണെങ്കിലും ഹെൽമെറ്റ് വേട്ടയിൽ ഒതുങ്ങുന്നു .