 
പുനലൂർ : പുനലൂർ നഗരസഭയുടെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന ടൗണിലെ ശ്രീരാമവർമ്മപുരം മാർക്കറ്റിൽ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ മാംസ സംസ്‌കരണ പ്ലാന്റിന് നിർമ്മാണാനുമതി ലഭിച്ചു. പദ്ധതി നടത്തിപ്പിന് കിഫ്ബിയിൽ നിന്നും11.51 കോടി രൂപയുടെ അംഗീകാരം ലഭിച്ചതായി നഗരസഭ ചെയർമാൻ കെ. എ. ലത്തീഫ് ,ഉപാദ്ധ്യക്ഷ സബീന സുധീർ എന്നിവർ അറിയിച്ചു.
പത്ത് മാസത്തിനകം നിർമ്മാണം പൂർത്തിയാക്കും
പ്രതിദിനം 50 അറവുമാടുകളേയും 25 ആടുകളേയും കശാപ്പു ചെയ്യാൻ സൗകര്യം സജ്ജമാക്കുന്ന പ്ലാന്റിൽ ആധുനിക മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഒരുക്കും. മലിനജലം ശുദ്ധീകരിക്കുന്നതിന് ഇ.ടി.പി., അറവുമാലിന്യം സംസ്‌കരിക്കാൻ റെൻഡറിംഗ് പ്ലാന്റ്, ജലം പുനചംക്രമണം നടത്താൻ ആർ.ഒ. പ്ലാന്റ് എന്നിവ മാംസ സംസ്‌കരണ പ്ലാന്റിൽ സജ്ജമാക്കും.കന്ന് കാലികളുടെ ചാണകം കമ്പോസ്റ്റ് ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ ഇതിനൊപ്പം കംപോസ്റ്റ് യൂണിറ്റ് നിർമ്മിക്കും. മീറ്റ് പ്രോസസിംഗ് പ്ലാന്റ് പൂർണമായും സീറോ വേസ്റ്റ് സംവിധാനത്തിലായിരിക്കും പ്രവർത്തിക്കുന്നത്. കണ്ണൂരിലെ ഡോ. പി.വി. മോഹൻ ആണ് പദ്ധതിയുടെ രൂപ രേഖ തയ്യാറാക്കിയത്. ഇംപാക്ട് കേരളയിൽ നിന്ന് സാങ്കേതിക അനുമതി ലഭിച്ചയുടൻ ടെണ്ടർ നടപടി തുടങ്ങും. 10 മാസം കൊണ്ട് പ്ലാന്റിന്റെ നിർമ്മാണം പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്.
തെക്കൻ കേരളത്തിലെ പ്രധാന മാംസ വിപണന കേന്ദ്രം
പട്ടണ മദ്ധ്യത്ത് സ്ഥിതി ചെയ്യുന്ന ശ്രീരാമവർമ്മപുരം മാർക്കറ്റിലെ 75 സെന്റ് സ്ഥലത്താണ് പ്ലാന്റ് നിർമ്മിക്കുന്നത്. മാർക്കറ്റിൽ വർഷങ്ങളായി പ്രവർത്തിച്ചിരുന്ന അറവുശാലയുമായി ബന്ധപ്പെട്ട മാലിന്യ പ്രശ്‌നങ്ങളെ തുടർന്ന് ഏറെക്കാലമായി സ്ലോട്ടർ ഹൗസ് പ്രവർത്തനരഹിതമാണ്. ഇതോടെ നഗരസഭയുടെ റവന്യൂ വരുമാനത്തിൽ ലക്ഷങ്ങളുടെ നഷ്ടമാണ് സംഭവിക്കുന്നത്. നഗരസഭ കൗൺസിൽ വർഷങ്ങളായി നടത്തി വരുന്നപരിശ്രമങ്ങൾക്കൊടുവിലാണ് അത്യാധുനിക മാംസ സംസ്‌കരണ പ്ലാന്റിന് അനുമതിയും ഫണ്ടും ലഭിച്ചത്. ഇതോടെ തെക്കൻ കേരളത്തിലെ പ്രധാന മാംസ വിപണന കേന്ദ്രമായി പുനലൂരിലെ ശ്രീരാമവർമ്മപുരം മാർക്കറ്റ് മാറും.ഇതോടെ ശുദ്ധമായ മാംസം ലഭ്യമാക്കാൻ പുതിയ പ്ലാന്റിന് കഴിയും.
പ്ലാന്റ് പ്രവർത്തന സജ്ജമാകുന്നതോടെ നഗരസഭയ്ക്ക് പ്രതിവർഷം ഒരു കോടിയോളം രൂപയുടെ റവന്യൂ വരുമാനമായി ലഭിക്കും. പുനലൂർ മാർക്കറ്റിന്റെ മുഖഛായ മാറ്റുന്ന വികസന പദ്ധതികളിലൊന്നായി പ്ലാന്റ് മാറും. മാർക്കറ്റിന്റെ അനുബന്ധ വികസന പദ്ധതിയും നഗരസഭ തയ്യാറാക്കിയിട്ടുണ്ട്. ആറ് കോടി രൂപ ചെലവിട്ട് ആധുനിക മാർക്കറ്റും നിർമ്മിക്കും . കെ. എ. ലത്തീഫ്, നഗരസഭ ചെയർമാൻ