job

കൊല്ലം: യുവാക്കളെ തൊഴിൽ അഭ്യസിപ്പിച്ച് ജോലി ലഭ്യമാക്കുന്ന കേന്ദ്ര സർക്കാരിന്റെ ദീൻ ദയാൽ ഉപാദ്ധ്യായ ഗ്രാമീണ കൗശൽ യോജനയനുസരിച്ച് 18 മുതൽ 35 വയസ് വരെയുള്ളവർക്ക് സൗജന്യ തൊഴിൽ പരിശീലനവും മൂന്നുമാസം വരെ ജോലിയും നൽകും.

കുടുംബശ്രീയാണ് സംസ്ഥാനത്ത് പദ്ധതിയുടെ നോഡൽ ഏജൻസി. പരിശീലനം ആവശ്യമുള്ളവർ പഞ്ചായത്തുകളിലെ കുടുംബശ്രീ ഓഫീസുകളിൽ രജിസ്റ്റർ ചെയ്യണം. നഗരമേഖലയെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. കൗശൽ പഞ്ചി എന്ന ആപ്പിലും രജിസ്റ്റർ ചെയ്യാം. നിശ്ചിത പേരാകുമ്പോൾ കുടുംബശ്രീ മിഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളവരുടെ അഭിരുചിക്ക് അനുസൃതമായ പരിശീലനം വിവിധ എംപാനൽഡ് ഏജൻസികളിൽ ലഭ്യമാക്കും. ആറുമാസം വരെ കാലാവധിയുള്ള കോഴ്സുകളുണ്ട്. കോഴ്സ് പൂർത്തിയായ ശേഷം നാഷണൽ സ്കിൽ കൗൺസിൽ നടത്തുന്ന പരീക്ഷ പാസായാൽ പരിശീലന ഏജൻസി മൂന്നുമാസം ശമ്പളത്തോടെ ജോലി ഏർപ്പെടാക്കും.

പഠിതാക്കൾക്ക് പരിശീലന കാലയളവിൽ ഹോസ്റ്റൽ, ഭക്ഷണം യൂണിഫോം എന്നിവ സൗജന്യമായി ലഭ്യമാക്കും. പോക്കറ്റ് മണിയും കിട്ടും. പദ്ധതിയുടെ അറുപത് ശതമാനം ഗുണഭോക്താക്കൾ ന്യൂനപക്ഷ വിഭാഗങ്ങളാകും. 30 ശതമാനം പട്ടികജാതി വിഭാഗവും ബാക്കി പത്ത് പൊതു വിഭാഗത്തിനുമാണ്.

 പ്രധാന കോഴ്സുകൾ, യോഗ്യത, കാലാവധി

ജൂനിയർ സോഫ്ട്‌വെയർ ഡെവലപ്പർ: ബിടെക് / ബി.സി.എ - ആറ് മാസം

മേശൻ - എട്ടാം ക്ലാസ് - മൂന്നുമാസം

ഇലക്ട്രിക്കൽ ടെക്നീഷ്യൻ - എസ്.എസ്.എൽ.സി - 6 മാസം

ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് - പ്ലസ്ടു- ആറ് മാസം

 കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസ്

0474 2794692