para
കുടുക്കത്ത് പാറ

അഞ്ചൽ:പശ്ചിമഘട്ട മലനിരകളിൽ കിരീടം പോലെ തലയെടുപ്പോടെ നിൽക്കുന്ന പ്രകൃതിയുടെ വിസ്മയ കാഴ്ചയാണ് കുടുക്കത്ത് പാറ. നൂറ്റാണ്ടുകൾ പഴക്കമുള്ള കാടിന്റെ മുതുമുത്തച്ഛനായ ഈ പാറയ്ക്ക് ആയിരത്തി അഞ്ഞൂറ് അടിയോളം ഉയരമുണ്ട്. വിവിധ ദിക്കുകളിൽ നിന്നും നോക്കുമ്പോൾ വിവിധ ആകൃതികളിൽ ദൃശ്യാനുഭവം പകരുന്ന പ്രകൃതിയുടെ അത്ഭുത കാഴ്ച. പുരാണങ്ങളിൽ പോലും പരാമർശിക്കപ്പെടുന്ന ആരോഗ്യപച്ച ഉൾപ്പടെ അമൂല്യ സസ്യ ജൈവ സമ്പത്തുകൾ കുടുക്കത്തുപാറയിലുണ്ട്. എന്നാൽ വിനോദസഞ്ചാരികളെ ആകർഷിക്കാൻ ഒട്ടേറെ നടപടികൾ സ്വീകരിക്കേണ്ടതുണ്ട്.

ഐതിഹ്യകഥ

മന്വന്തരങ്ങളുടെ പഴക്കമുള്ള കുടുക്കത്തുപാറയുടെ ഐതിഹ്യമായി പഴമക്കാർ പറയുന്നത് സീതാദേവിയെ രാവണൻ കടത്തികൊണ്ടുപോയപ്പോൾ ജഡായുവുമായി നടന്ന യുദ്ധത്തിൽ രാവണന്റെ വാൾ തെറിച്ച് വീണ സ്ഥലമാണ് കുടുക്കത്ത് പാറ എന്നാണ്. രാവണൻ ലങ്കയിലേക്കുള്ള യാത്രാ മദ്ധ്യേ ഇവിടെ നിന്നും ആരോഗ്യപച്ച ശേഖരിച്ചെന്നും ഐതീഹ്യം നിലവിലുണ്ട്.

കുടുക്കത്ത് കാവും സായിപ്പ് ഗുഹയും

മൂന്ന് പാറകൾ ചേർന്ന് വലിയ കുന്ന് പോലെ കാണുന്ന ഇവിടെ എത്താൻ ആനക്കുളത്തുനിന്നും വനഭാഗത്തുകൂടെ ഒരു കിലോമീറ്ററോളം കാട്ടിലൂടെ സഞ്ചരിക്കണം. സുരക്ഷാ വേലികളും ഉണ്ട്. രണ്ട് പാറവരെ കയറാം. അടുത്തതായി ഒരു തടയണയും കാവും ഗുഹയുമുണ്ട്. ഈ കാവിന് 'കുടുക്കത്ത് കാവ്' എന്നും ഗുഹയ്ക്ക് 'സായിപ്പ് ഗുഹ'യുമെന്നാണ് പേര്. ബ്രിട്ടീഷ് ഭരണ കാലത്ത് സാഹസികരായ ബ്രിട്ടീഷുകാർ കുടുക്കത്തുപാറയോട് ചേർന്ന ഗുഹയിൽ താമസിച്ചതായും അങ്ങനെ ആ ഗുഹയ്ക്ക് സായിപ്പ് ഗുഹ എന്ന് പേര് വന്നും എന്നും പറയപ്പെടുന്നു. അലയമൺ ഗ്രാമപഞ്ചായത്തിലെ ചണ്ണപ്പേട്ട ആനക്കുളത്തുനിന്നും രണ്ട് കിലോമീറ്റർ വനപാതയിലൂടെ സഞ്ചരിച്ചാൽ പാറയുടെ മുകളിൽ എത്താം. പൊൻമുടി മുതൽ തമിഴ് നാട്ടിൽ വരെ നീണ്ടു നിൽക്കുന്ന അതിവിശാല കാഴ്ചകൾ പാറയുടെ മുകളിൽ നിന്ന് കാണാം. ഒരു ഇക്കോ ടൂറിസം പദ്ധതിയാണ് കുടുക്കത്തുപാറ.

കുടുക്കത്തുപാറയുടെ വികസനത്തിന് വനം വകുപ്പിന്റെ സഹകരണമാണ് മുഖ്യമായും ആവശ്യം എന്നാൽ ഇക്കാര്യത്തിൽ വനം വകുപ്പിൽ നിന്നും കാര്യമായ സഹകരണം ഇനിയും ലഭിക്കേണ്ടതുണ്ട്.

ടൂറിസ്റ്റുകളെ ആകർഷിക്കുന്നതിനായി ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്കിന്റെ അധീനതയിൽ കഴിയുന്നത്ര സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഇവർക്ക് താമസിക്കുന്നതിനും ഭക്ഷണത്തിനുമുള്ള സൗകര്യങ്ങളും സജ്ജീകരിച്ചിട്ടുണ്ട്. നെടുങ്കയം നീരൊഴുക്ക്, മീൻമുട്ടി തുടങ്ങിയ ടൂറിസ്റ്റ് കേന്ദ്രങ്ങളും ഇതിന് സമീപം തന്നെയാണ്. സർക്കാരിന്റെ സഹകരണം ഉണ്ടായാൽ കേരളത്തിലെ തന്നെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി ഇവിടം മാറുമെന്നതിൽ സംശയമില്ല.

(ചാർളി കോലത്ത്, പ്രസിഡന്റ് ചണ്ണപ്പേട്ട സർവീസ് സഹകരണ ബാങ്ക്)