കൊല്ലം: "വേഷം മാറി എസ്.പി ഏതുനിമിഷവും മുന്നിലെത്തും, ബൈക്കിലോ സ്കൂട്ടറിലോ ആകാം"- റൂറൽ ജില്ലയിലെ പൊലീസുകാർ അടക്കം പറഞ്ഞുതുടങ്ങി. ഇന്നലെ പുതിയ എസ്.പി ആർ. ഇളങ്കോ ചുമതലയേറ്റതുമുതൽ കുഴപ്പക്കാരായ ഉദ്യോഗസ്ഥർക്കൊക്കെ ആശങ്കയായി. നിരത്തിൽ വാഹന പരിശോധന നടത്തുന്നവരാണ് കൂടുതൽ ആശങ്കയിലായത്. വയനാട്ടിലെ നിരത്തുകളിൽ മിക്കപ്പോഴും ബൈക്കിൽ ചുള്ളൻ ചെറുക്കനായി ഇളങ്കോ ചെന്നിരുന്നത് എല്ലാവർക്കുമറിയാം. ഹെൽമറ്റും മാസ്കും ധരിച്ചാൽ പിന്നെ ആളെ തീരെ അറിയുകയുമില്ല. പണി കിട്ടാൻ എളുപ്പമാണെന്ന് പൊലീസ് ഉദ്യോഗസ്ഥർക്ക് ഇപ്പോൾത്തന്നെ നന്നായി മനസിലായിട്ടുണ്ട്. വയനാട്ടിലെ ആദിവാസി ഊരുകളിൽപ്പോലും സേവന പ്രവർത്തനങ്ങളുമായി നിറഞ്ഞുനിന്ന ഇളങ്കോ ഇവിടേക്ക് എത്തിയത് പൊതുസമൂഹത്തിലും ചർച്ചാവിഷയമായിട്ടുണ്ട്. സാധാരണക്കാരന്റെ സങ്കടങ്ങൾ കേൾക്കാനും പരിഹാരമുണ്ടാക്കാനും വലിയ താത്പര്യമെടുക്കുന്നയാളാണെന്ന് നേരത്തേതന്നെ എല്ലാവരും അറിഞ്ഞിരിക്കുന്നു. എസ്.പി ആസ്ഥാന മന്ദിരത്തിന്റെ നിർമ്മാണ ജോലികൾ പുരോഗമിക്കുകയാണ്. ആസ്ഥാന മന്ദിരം ഉദ്ഘാടനം ചെയ്യുന്നതോടെ സൗകര്യങ്ങളും വേണ്ട വിധത്തിലാകും.
ഏത് നിമിഷവും പിടിവീഴാം
മോശം പെരുമാറ്റം, കൈക്കൂലി, ഡ്യൂട്ടി സമയത്തെ മദ്യപാനം തുടങ്ങിയവ ഒഴിവാക്കിയില്ലെങ്കിൽ ഏത് നിമിഷവും പിടിവീഴാം. മാന്യമായ പെരുമാറ്റമാണെങ്കിൽ അഭിനന്ദിക്കാനും ഗുഡ് സർവീസ് എൻട്രി നൽകാനും ഇളങ്കോ മടി കാണിക്കുകയുമില്ല. ഔദ്യോഗിക വാഹനം പരമാവധി കുറച്ച് നിരത്തുകളിലും കോളനികളിലുമൊക്കെ എത്താനാണ് ഇളങ്കോയുടെ തീരുമാനം. ഹരിശങ്കർ റൂറൽ പൊലീസിന് അടുക്കും ചിട്ടയും വരുത്തിയിട്ടാണ് സ്ഥാനം ഒഴിഞ്ഞത്. പകരം എത്തിയ ഇളങ്കോയും ആ അച്ചടക്കത്തിൽ വിട്ടുവീഴ്ച നടത്തില്ല.
ക്രമസമാധാനം, ഗതാഗത പ്രശ്നങ്ങൾ, കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ തുടങ്ങിയ മേഖലയിൽ സജീവമായി ഇടപെടും.
ആർ. ഇളങ്കോ
റൂറൽ എസ്.പി, കൊല്ലം