കൊല്ലം: മലമേൽ പാറ ടൂറിസം പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിച്ചു. മന്ത്രി കെ.രാജു ശിലാഫലകം അനാച്ഛാദനം ചെയ്തു. ചടയമംഗലം ജഡായു പാറ, കോട്ടുക്കൽ ഗുഹാക്ഷേത്രം, വനം വകുപ്പിന്റെ നേതൃത്വത്തിലുള്ള സെൻട്രൽ നഴ്‌സറി, തെന്മല ഇക്കോ ടൂറിസം, ശെന്തുരുണി വന്യജീവി സങ്കേതം തുടങ്ങി വിവിധ ഇക്കോ ടൂറിസം പദ്ധതികളാൽ സമ്പന്നമാണ് ജില്ലയുടെ കിഴക്കൻ മേഖല. കുളത്തൂപ്പുഴയിൽ നിർമ്മാണം നടന്നുവരുന്ന വനം മ്യൂസിയത്തിന്റെ ആദ്യഘട്ടം രണ്ട് മാസത്തിനുള്ളിൽ പൂർത്തീകരിക്കാൻ കഴിയുമെന്നും മന്ത്രി പറഞ്ഞു.
മലമേൽ പിൽഗ്രിം സെന്ററിൽ നടന്ന ചടങ്ങിൽ ഡി. ടി. പി .സി സെക്രട്ടറി സി.സന്തോഷ് കുമാർ അദ്ധ്യക്ഷനായി. അഞ്ചൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രഞ്ജു സുരേഷ്, ഇടമുയ്‌ളക്കൽ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ ടി.ഷൗക്കത്ത്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഷിബു, ശ്രീലക്ഷ്മി തുടങ്ങിയവർ പങ്കെടുത്തു.
 മലമേൽ പാറയുടെ സൗന്ദര്യം
ഇടമുളയ്ക്കൽ ഗ്രാമപഞ്ചായത്ത് പരിധിയിൽ വരുന്ന മലമേൽ പാറ ടൂറിസം പദ്ധതിക്ക് മൂന്നുകോടി രൂപയാണ് വിനിയോഗിച്ചത്. ടിക്കറ്റ് കൗണ്ടർ, കഫെറ്റീരിയ, ഷോപ്പുകൾ, പാത് വേ, സ്ട്രീറ്റ് ലൈറ്റ്, ഫെൻസിംഗ്, ലാൻഡ്‌സ്‌കേപ്പിങ്, സോളാർ ലൈറ്റ്, ഇരുമ്പ് വേലികൾ എന്നിവയുടെയെല്ലാം നിർമാണം പൂർത്തീകരിച്ചു. പദ്ധതിയുടെ ഭാഗമായ ബൈനോക്കുലർ ഒബ്‌സർവേറ്ററിയുടെ നിർമ്മാണം പുരോഗമിക്കുകയാണ്.