perumon
പെരുമൺ കടവിൽ നിന്നുള്ള ജങ്കാർ സർവീസ്

 നിർമ്മാണോദ്ഘാടനം രണ്ടാഴ്ചയ്ക്കുള്ളിൽ

കൊല്ലം: മൺറോത്തുരുത്തുകാരുടെ ചിരകാല സ്വപ്നമായ പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണത്തിന്റെ കരാർ ഒപ്പിട്ടു. രണ്ടാഴ്ചയ്ക്കുള്ളിൽ ഉദ്ഘാടന ചടങ്ങുണ്ടാകും. അതിന് പിന്നാലെ തന്നെ നിർമ്മാണ പ്രവർത്തനങ്ങളും ആരംഭിക്കും. തദ്ദേശ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിന് മുമ്പ് ഉദ്ഘാടനം നടത്താനാണ് ആലോചന. മുഖ്യമന്ത്രി ഓൺലൈനായിട്ടാകും ഉദ്ഘാടനം നിർവഹിക്കുക.

നിർമ്മാണ കമ്പനി സാധന സാമഗ്രികൾ ഇറക്കാനും ഉപകരണങ്ങൾ സൂക്ഷിക്കാനുമുള്ള സ്ഥലങ്ങൾ പ്രദേശത്ത് കണ്ടെത്തി തുടങ്ങി. ഒരാഴ്ചയ്ക്കുള്ളിൽ നിർമ്മാണ സാമഗ്രികൾ എത്തിച്ചുതുടങ്ങും. ഒന്നര വർഷമാണ് നിർമ്മാണ കാലാവധി. തടസങ്ങളുണ്ടായില്ലെങ്കിൽ അതിന് മുമ്പ് തന്നെ പൂർത്തിയാക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

പാലം യാഥാർത്ഥ്യമാകുന്നതോടെ കൊല്ലത്ത് നിന്ന് ശാസ്താംകോട്ട, കുന്നത്തൂർ മേഖലയിലേക്കും തിരിച്ചും വേഗത്തിലെത്താൻ സാധിക്കും. മൺറോത്തുരുത്തിന്റെ ടൂറിസം സാദ്ധ്യതയും വർദ്ധിക്കും. ഇപ്പോൾ മൺറോത്തുരുത്തിലേക്കുള്ള കൊല്ലത്ത് നിന്നുള്ള വാഹനങ്ങൾ ജങ്കാറിലാണ് കടന്നുപോകുന്നത്. റെയിൽവേ പാലത്തിനോട് ചേർന്ന് നടപ്പാത ഉണ്ടെങ്കിലും കാൽനടയാത്രക്കാരും കൂടുതലായി ജങ്കാറിനെയാണ് ആശ്രയിക്കുന്നത്.

 ഒരു പതിറ്റാണ്ട് പഴക്കം

ഒരു പതിറ്റാണ്ടിലേറെ പഴക്കമുള്ളതാണ് പെരുമൺ- പേഴുംതുരുത്ത് പാലം നിർമ്മാണ പദ്ധതി. ആദ്യം ടെണ്ടർ ചെയ്തെങ്കിലും ഒരു കമ്പനിയാണ് എത്തിയത്. റീ ടെണ്ടറിൽ ഏറ്റവും കുറഞ്ഞ തുക തന്നെ എസ്റ്റിമേറ്റിനേക്കാൾ 12 ശതമാനം അധികമായിരുന്നു. എറണാകുളം ആസ്ഥാനമായുള്ള ഈ കമ്പനിയുടെ 41.22 കോടിയുടെ ടെണ്ടറിന് മന്ത്രിസഭ പ്രത്യേക അനുമതി നൽകിയെങ്കിലും കരാർ ഒപ്പിട്ടില്ല. തുടർന്ന് കഴിഞ്ഞമാസം 23ന് ചേർന്ന മന്ത്രിസഭാ യോഗം എറണാകുളം ആസ്ഥാനമായ ചെറിയാൻ ആൻഡ് വർക്കി കമ്പനിയുടെ രണ്ടാമത്തെ ഉയർന്ന ടെണ്ടർ അംഗീകരിക്കുകയായിരുന്നു. 42.52 കോടിയാണ് കരാർ തുക.