beach-inaguration
നവീകരിച്ച കൊല്ലം, താന്നി ബീച്ചുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവഹിക്കുന്നു. എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം. മുകേഷ് എം.എൽ.എ, മേയർ ഹണി ബഞ്ചമീൻ തുടങ്ങിയവർ വേദിയിൽ

കൊല്ലം: നവീകരണം പൂർത്തിയായ കൊല്ലം, താന്നി ബീച്ചുകൾ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ജില്ലാ ടൂറിസം പ്രെമോഷൻ കൗൺസിൽ ആസ്ഥാനത്തെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, കെ. സോമപ്രസാദ്, എം. മുകേഷ് എം.എൽ.എ, മേയർ ഹണി ബെഞ്ചമിൻ എന്നിവർ പങ്കെടുത്തു.

1.57 കോടി രൂപ ചെലവിലാണ് കൊല്ലം ബീച്ചിന്റെ നവീകരണം പൂർത്തിയാക്കിയത്. ഇരുവശങ്ങളിലുമായി ബീച്ചിന്റെ വിസ്തൃതി വർദ്ധിപ്പിക്കുകയായിരുന്നു നവീകരണത്തിന്റെ പ്രധാന ലക്ഷ്യം. കൂടുതൽ ഇരിപ്പിടങ്ങൾ, മരങ്ങൾ നട്ടുവളർത്താൻ കഴിയുന്ന തറകൾ, വാഹനങ്ങൾ ബീച്ചിൽ ഇറക്കാൻ കഴിയുന്ന റാമ്പ് എന്നിവയും സജ്ജമാക്കി.
താന്നിയിൽ 68 ലക്ഷം രൂപ മുടക്കിയാണ് നവീകരണം പൂർത്തീകരിച്ചത്. പുലിമുട്ടുകൾക്കിടയിൽ രൂപപ്പെട്ട സ്വാഭാവിക മണൽപരപ്പാണ് ഇവിടെയുള്ളത്. ഇരിപ്പിടങ്ങളും അടിസ്ഥാന സൗകര്യങ്ങളുമാണ് താന്നിയിൽ സജ്ജമാക്കിയത്. മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മ, എം.നൗഷാദ് എം.എൽ.എ, മയ്യനാട് പഞ്ചായത്ത് പ്രസിഡന്റ് എൽ. ലക്ഷ്മണൻ, പഞ്ചായത്ത് അംഗം ലീനാ ലോറൻസ് തുടങ്ങിയവർ താന്നി ബീച്ചിന്റെ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. രണ്ടാംഘട്ട പദ്ധതിയിലുൾപ്പെടുത്തി ബീച്ച് കൂടുതൽ മനോഹരമാക്കുമെന്ന് എം. നൗഷാദ് എം.എൽ.എ പറഞ്ഞു.