
കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പിന്റെ മാർഗ രേഖകൾ പുറത്തുവന്നതോടെ പഴയതുപോലെ നാടിളക്കിയുള്ള പ്രചാരണം നടക്കില്ലെന്ന് ഏതാണ്ടുറപ്പായി. അതോടെ നവമാദ്ധ്യമങ്ങളിലൂടെ പ്രചാരണം ശക്തമാക്കാനാണ് മുന്നണികളുടെ തീരുമാനം. തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന് നവമാദ്ധ്യമങ്ങളെ എങ്ങനെ ഉപയോഗപ്പെടുത്തണം എന്നത് സംബന്ധിച്ച് മൂന്ന് മുന്നണികളും മുൻകൂട്ടി തീരുമാനം എടുത്തിരുന്നു. അതിനെ താഴേത്തട്ടിലെ പ്രവർത്തകരിലേക്കും അണികളിലേക്കും പൂർണമായും എത്തിക്കുകയാണ് ഇപ്പോൾ. വാർഡുകൾ കേന്ദ്രീകരിച്ച് വിപുലമായ വാട്ട്സ് ആപ്പ് ഗ്രൂപ്പുകൾ രൂപീകരിക്കുകയാണ്. പാർട്ടി പ്രവർത്തകർ, അനുഭാവികൾ തുടങ്ങിയവരടങ്ങുന്ന ഗ്രൂപ്പുകളുണ്ടെങ്കിലും സാധാരണ ജനങ്ങളെ കൂടി ഉൾക്കൊള്ളുന്ന ഗ്രൂപ്പുകൾ രൂപീകരിച്ച് വികസനവും രാഷ്ട്രീയവും ചർച്ചയാക്കാനാണ് ശ്രമം. വാർഡിലെ എല്ലാ മേഖലയിലും നടന്ന വികസനവും നേട്ടങ്ങളും വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ അവതരിപ്പിക്കാൻ ഭരണ മുന്നണിക്ക് ഗ്രൂപ്പുകളിലൂടെ കഴിയും. പ്രതിപക്ഷ മുന്നണികൾക്ക് വികസനം എത്താത്ത മേഖലകൾ, അവിടുത്തെ ജനങ്ങളുടെ പ്രതികരണം തുടങ്ങിയവയും വീഡിയോ ദൃശ്യങ്ങളുടെ സഹായത്തോടെ ജനങ്ങളിലെത്തിക്കാം. വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ കൃത്യമായ രാഷ്ട്രീയ ചർച്ചകൾ നടത്താനും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും യുവജന സംഘടനകളിലെ സൈബർ അവബോധം ഉള്ളവരെയാണ് നിയോഗിച്ചിരിക്കുന്നത്.