port

ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ടി വകുപ്പിന് നിർദ്ദേശം നൽകി

കൊല്ലം: കൊല്ലം പോർട്ടിൽ എമിഗ്രേഷൻ പോയിന്റെന്ന സ്വപ്നം യാഥാർത്ഥ്യത്തോട് അടുക്കുന്നു. പോയിന്റിന്റെ പ്രവർത്തനത്തിനാവശ്യമായ കമ്പ്യൂട്ടർ അടക്കമുള്ള ഉപകരണങ്ങൾ വാങ്ങാൻ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഐ.ടി വകുപ്പിന് നിർദ്ദേശം നൽകി. ഉപകരണങ്ങൾ എവിടെയാണ് എത്തിക്കേണ്ടതെന്ന് അന്വേഷിച്ചുകൊണ്ട് കേന്ദ്ര ഐ.ടി വകുപ്പിൽ നിന്ന് കൊല്ലം പോർട്ട് അധികൃതരെ കഴിഞ്ഞ ദിവസം ബന്ധപ്പെടുകയും ചെയ്തു.

താത്കാലികമായി എമിഗ്രേഷൻ ഓഫീസ് പ്രവർത്തിക്കാൻ പോർട്ടിനുള്ളിലെ ഹാർബർ എൻജിനിയറിംഗ് വർക്ക് ഷോപ്പിന്റെ രണ്ടാം നിലയാണ് സജ്ജമാക്കിയിട്ടുള്ളത്. പോർട്ട് ഗേറ്റിനോട് ചേർന്ന് സ്ഥിരം ഓഫീസിനുള്ള നിർമ്മാണവും ആരംഭിച്ചു. ഉപകരണങ്ങൾ ഒരുമാസത്തിനുള്ളിൽ എത്തും. ഇതിന് പിന്നാലെ എമിഗ്രേഷൻ പോയിന്റ് അനുവദിച്ചുകൊണ്ടുള്ള വിജ്ഞാപനം കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം പുറപ്പെടുവിക്കുമെന്നാണ് പ്രതീക്ഷ.

ക്വാറന്റൈൻ പ്ലാന്റിനും നീക്കം

വിദേശരാജ്യങ്ങളിൽ നിന്നെത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ രാസപദാർത്ഥങ്ങൾ, കീടനാശിനികൾ എന്നിവയുടെ സാന്നിദ്ധ്യം കണ്ടെത്താനുള്ള ക്വാറന്റൈൻ പ്ലാന്റ് കൊല്ലം പോർട്ടിൽ സ്ഥാപിക്കാനുള്ള നീക്കം ഇതിനോടകം ആരംഭിച്ചു. വിദേശത്ത് നിന്നെത്തുന്ന ഭക്ഷ്യവസ്തുക്കൾ പരിശോധിച്ച് കീടങ്ങളും കീടനാശിനികളും ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷമേ പുറത്ത് വിടാറുള്ളൂ. ഇവിടെ നിന്ന് കയറ്റി അയയ്ക്കുന്ന ഭക്ഷ്യവസ്തുക്കൾക്കും കേന്ദ്ര കൃഷി മന്ത്രാലയത്തിന്റെ നിയന്ത്രണത്തിലുള്ള ക്വാറന്റയിൻ പ്ലാന്റിൽ നിന്നുള്ള ഫൈറ്റോ സാനിട്ടറി സർട്ടിഫിക്കറ്റ് നിർബന്ധമാണ്. നേരത്തേ കൊല്ലം പോർട്ടിൽ കശുഅണ്ടി എത്തിയപ്പോൾ കൊച്ചിയിലെ പ്ലാന്റ് ക്വാറന്റയിൻ ലാബിൽ നിന്നുള്ള ഉദ്യോഗസ്ഥരെത്തിയാണ് പരിശോധന നടത്തിയത്.

ചരക്കുകപ്പലുകൾ അടുപ്പിക്കാൻ പ്രയാസമില്ല

കൊല്ലം പോർട്ടിൽ നിലവിൽ ചരക്കുകപ്പലുകൾ അടുപ്പിക്കുന്നതിന് പ്രയാസമില്ല. എന്നാൽ എമിഗ്രേഷൻ സൗകര്യമില്ലാത്തതിനാൽ കപ്പലിലെ ജീവനക്കാർക്ക് ഇറങ്ങാനാകില്ല. പൊലീസ് കമ്മിഷണർക്ക് താത്കാലിക എമിഗ്രേഷൻ ചുമതല നൽകിയിട്ടുണ്ടെങ്കിലും നടപടി ക്രമങ്ങൾ ഏറെ പ്രയാസകരമായതിനാൽ ആരും ശ്രമിക്കാറില്ല. അതുകൊണ്ടുതന്നെ ലക്ഷദ്വീപ്, കൊളംബോ എന്നിവിടങ്ങളിൽ നിന്ന് യാത്രാ കപ്പലുകൾ കൊണ്ടുവരാനുള്ള ആലോചനകളും തടസപ്പെട്ടിരിക്കുകയാണ്.

എമിഗ്രേഷൻ പോയിന്റുള്ള കേരളത്തിലെ മറ്റ് തുറമുഖങ്ങൾ

1. കൊച്ചി

2. ബേപ്പൂർ

3. വിഴിഞ്ഞം