election-
തിരഞ്ഞെടുപ്പ് പ്രവർത്തനത്തിന്റെ ഭാഗമായി കൊല്ലം കോർപ്പറേഷനിലെ ഉളിയക്കോവിൽ ഭാഗത്ത് ബി.ജെ.പി പ്രവർത്തകർ ചുവരെഴുത്ത് ആരംഭിച്ചപ്പോൾ

കൊല്ലം: തദ്ദേശ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് മുന്നണികൾ സജ്ജമായതിന്റെ അടയാളമായി നാടെങ്ങും ചുവരെഴുത്തുകൾ തെളിഞ്ഞുതുടങ്ങി. സീറ്റ് വിഭജനത്തിൽ തർക്കമില്ലാത്ത വാർഡുകളിലാണ് ചുവരെഴുത്തുകൾ ആരംഭിച്ചത്. മുന്നണിയുടെ പേരും ചിഹ്നവും എഴുതി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് കാത്തിരിക്കുകയാണ് പ്രവർത്തകർ. സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചാൽ മിനിട്ടുകൾക്കകം പേരെഴുതി ചേർക്കാം. കൊല്ലം കോർപ്പറേഷൻ, മുനിസിപ്പാലിറ്റികൾ, വിവിധ പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ ചുവരെഴുത്തുകൾ പുരോഗമിക്കുകയാണ്. സ്വകാര്യ വ്യക്തികളുടെ മതിലുകൾ അവരുടെ അനുവാദത്തോടെ സ്വന്തമാക്കാനുള്ള ശ്രമവും വിവിധ പാർട്ടികൾ ആരംഭിച്ചുകഴിഞ്ഞു.

കൊവിഡ് പ്രതിസന്ധിക്കിടയിലും ചുവരെഴുത്തുകൾ ദൃശ്യമായത് പൊതുജനങ്ങൾക്കും പാർട്ടി പ്രവർത്തകർക്കും കൂടുതൽ തിരഞ്ഞെടുപ്പാവേശം നൽകുന്ന അനുഭവമാണ്. സൈബർ പടയൊരുക്കങ്ങൾക്കൊപ്പം സാധാരണക്കാരിലേക്ക് കൂടുതൽ ഇറങ്ങിച്ചെല്ലാൻ ചുവരെഴുത്തുകളും പോസ്റ്ററുകളും പൊതു പ്രചാരണങ്ങളും അനിവാര്യമാണ്.

ഇതിനൊപ്പം നൂറുകണക്കിന് കലാകാരൻമാർക്കും തൊഴിലാളികൾക്കും അതിജീവന മാർഗം കൂടിയാവും തിരഞ്ഞെടുപ്പ് ചുവരെഴുത്തുകൾ. കൊവിഡ് ആരംഭിച്ചത് മുതൽ ഇവരിൽ മഹാഭൂരിപക്ഷവും തൊഴിലും വരുമാനവും ഇല്ലാതെ ദുരിതത്തിലാണ്. നാടാകെ ചുവരെഴുത്തുകൾ നിറയുമ്പോൾ ഇവരുടെ ജീവിതത്തിലും സന്തോഷം തിരികെയെത്തുമെന്നാണ് പ്രതീക്ഷ.