
 മൂല്യനിർണയം നവംബറിൽ പൂർത്തിയാകും
കൊല്ലം: ജില്ലയിൽ ദേശീയപാതയ്ക്കായി ഏറ്റെടുത്ത വസ്തുക്കളിലെ വൃക്ഷങ്ങളുടെയും കാർഷിക വിളകളുടെയും കെട്ടിടങ്ങളുടെയും മൂല്യനിർണയം നവംബറിൽ പൂർത്തിയാകും. സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെ മേൽനോട്ടത്തിൽ നാല് താലൂക്കുകളിലായി നടന്നുവരുന്ന മൂല്യനിർണയം കൊവിഡ് പ്രതിസന്ധികൾക്കിടയിലും പകുതിയിലേറെ പൂർത്തിയായി.
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 3-ഡി നോട്ടിഫിക്കേഷൻ പ്രകാരം ഏറ്രെടുത്ത സ്ഥലത്ത് ഓരോ വസ്തുക്കളെയും സംബന്ധിച്ച് ഭൂമി ഏറ്റെടുക്കലിനായി നിയോഗിച്ച സ്പെഷ്യൽ തഹസീൽദാർമാർ സമർപ്പിച്ച മഹസർ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ദേശീയപാത നിർമ്മാണത്തിന് ഭൂമി വിട്ടുനൽകിയവർക്ക് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനാണ് മൂല്യനിർണയം. ജില്ലയിലെ നാല് സ്പെഷ്യൽ തഹസീൽദാർമാരുടെ നേതൃത്വത്തിൽ ഏറ്റെടുത്ത 60 ഹെക്ടറോളം സ്ഥലത്തെ ഫലവൃക്ഷങ്ങൾ, വിലപിടിപ്പുള്ള മരങ്ങൾ, മറ്റ് കൃഷികൾ, വീടുകൾ, കെട്ടിടങ്ങൾ, വ്യാപാര - വാണിജ്യ സ്ഥാപനങ്ങൾ എന്നിവ ഓരോന്നും സർവേ നമ്പരും ഉടമസ്ഥാവകാശ രേഖകളും സഹിതം മഹസറിൽ വിവരിച്ചിട്ടുണ്ട്.
ഫോറസ്റ്റ് വകുപ്പിന്റെ നേതൃത്വത്തിൽ വൃക്ഷങ്ങളുടെ വില നിശ്ചയിക്കുന്ന നടപടി ഏറെക്കുറെ പൂർത്തിയായി. കെട്ടിടങ്ങളുടെ മൂല്യനിർണയമാണ് ശേഷിക്കുന്നത്. നവംബർ പകുതിയോടെ ഇത് പൂർത്തിയാക്കി സ്ഥലത്തിന്റെ ആകെ വില നിശ്ചയിച്ച് സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും. റിപ്പോർട്ട് സർക്കാർ അംഗീകരിച്ചാൽ ഭൂവുടമകൾക്ക് വസ്തുക്കളുടെ വിപണിമൂല്യം അനുസരിച്ചുള്ള വില ലഭ്യമാകും.
 നഷ്ടപരിഹാരം നൽകിയ ശേഷം നിർമ്മാണം
പ്രദേശത്തെ അടിസ്ഥാന ഭൂമി വില കണക്കിലെടുത്താകും വസ്തുക്കളുടെ വില നിശ്ചയിക്കുക. ഭൂമി വിട്ടുനൽകുന്നവർക്ക് നഷ്ടപരിഹാരത്തിനും പുനരധിവാസത്തിനുമുള്ള പണം നൽകിയശേഷമേ ഏറ്റെടുത്ത വസ്തുക്കളിൽ കെട്ടിടങ്ങളും മറ്റും പൊളിച്ചുനീക്കി നിർമ്മാണപ്രവർത്തനം ആരംഭിക്കാൻ കഴിയൂ. കരുനാഗപ്പള്ളി, കാവനാട്, വടക്കേവിള, ചാത്തന്നൂർ എന്നിവിടങ്ങളിലായി സ്പെഷ്യൽ തഹസീൽദാർമാരുടെ നേതൃത്വത്തിലാണ് ഭൂമി ഏറ്റെടുക്കൽ നടപടികൾ പുരോഗമിക്കുന്നത്.
 പരിഗണിക്കുന്നത്
1. വൃക്ഷങ്ങളുടെ പ്രായവും കാലപ്പഴക്കവും ഫലവൃക്ഷങ്ങളാണെങ്കിൽ കായ്ഫലവും കൂടി കണക്കിലെടുക്കും
2. തെങ്ങ്, കവുങ്ങ്, നെൽകൃഷി, വാഴ, ചീനി, പച്ചക്കറികൾ തുടങ്ങി കാർഷിക നഷ്ടങ്ങളുടെ കണക്ക് തിട്ടപ്പെടുത്തുന്നത് കൃഷി ഓഫീസർമാർ
3. എൻജിനിയർമാരും സാങ്കേതിക വിദഗ്ദ്ധരുമുൾപ്പെട്ട വിഭാഗം നേരിട്ടെത്തിയാണ് പൊളിച്ചുമാറ്റേണ്ട കെട്ടിടങ്ങളുടെ വില നിർണയിക്കുന്നത്
4. കെട്ടിടങ്ങളുടെ കാലപ്പഴക്കം, പ്രാധാന്യം, നിർമ്മാണരീതി, നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്ന വസ്തുക്കൾ എന്നിവ പരിഗണിക്കും
5. ദേശീയപാത അതോറിട്ടി പ്രത്യേക ഏജൻസിയെയാണ് ഇതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്
 ഏറ്റെടുക്കുന്ന സ്ഥലം: 60 ഹെക്ടർ
''
കൊവിഡ് പ്രോട്ടോക്കോളും നിയന്ത്രണങ്ങളും മൂല്യനിർണയത്തിലും ഭൂമി ഏറ്രെടുക്കലിലും കാലതാമസത്തിനിടയാക്കിയിട്ടുണ്ട്. ഇപ്പോഴത്തെ സാഹചര്യത്തിൽ നവംബറോടെ മൂല്യനിർണയം പൂർത്തിയാക്കി മൂന്ന് മാസത്തിനകം ഭൂവുടമകൾക്ക് ഭൂമി വില കൈമാറാൻ കഴിയും.
ആർ. സുമീതൻപിള്ള,
സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, കൊല്ലം