audi

 ഓഡിറ്റോറിയം ജീവനക്കാർ ദുരിതത്തിൽ

കൊല്ലം: ' പല ദിവസങ്ങളിലും പട്ടിണിയാണ്. കുടുംബത്തോടെയുള്ള ആത്മഹത്യയേ ഇനി മുന്നിലുള്ളൂ.' കൊവിഡ് ട്രീറ്റ്മെന്റ് സെന്ററാക്കാനെന്ന പേരിൽ ജില്ലാ ഭരണകൂടം ഏറ്റെടുത്ത് അടച്ചുപൂട്ടിയിട്ടിരിക്കുന്ന ഓഡിറ്റോറിയത്തിലെ ഒരു ജീവനക്കാരന്റെ വാക്കുകളാണിത്. പട്ടിണി കടുത്തതോടെ ചിലർ മേശിരിമാരോടൊപ്പം മൈക്കാട് പണിക്ക് പോയി. മറ്റ് ചിലർ കോൺക്രീറ്റ് പണിക്കും. സ്ഥിരം തൊഴിലാളികൾ അല്ലാത്തതിനാൽ പണിക്ക് ആളുതികയാത്ത ദിവസങ്ങളിൽ മാത്രമേ ജോലി കിട്ടുകയുള്ളൂ. ജോലി ചോദിച്ച് കടകൾ പലതും കയറിയിറങ്ങി. കച്ചവടമില്ലെന്ന് പറഞ്ഞ് അവരും കൈയൊഴിയുകയാണ്.

ഒാഡിറ്റോറിയങ്ങളുടെ ഉടമസ്ഥരുടെ സ്ഥിതിയും കഷ്ടമാണ്. വരുമാനം നിലച്ചതിനൊപ്പം ഓഡിറ്റോറിയം പണിയാനെടുത്ത വായ്പയുടെ തിരിച്ചടവും മുടങ്ങി. മൊറട്ടോറിയം കാലാവധി കഴിഞ്ഞതിനാൽ പലിശയും കിട്ടുന്നില്ല. കൊവിഡ് ചികിത്സ വീടുകളിലാക്കിയിട്ടും സ്ഥാപനങ്ങൾ വിട്ടുനൽകാത്തതെന്തെന്നാണ് ഇവരുടെ ചോദ്യം.

 വൈദ്യുതി ബില്ലും അടയ്ക്കുന്നില്ല

കൊവിഡ് ചികിത്സയ്ക്ക് ഏറ്റെടുത്തതിന് ശേഷമുള്ള ഓഡിറ്റോറിയങ്ങളുടെ വൈദ്യുതി ബില്ലും തദ്ദേശ സ്ഥാപനങ്ങൾ അടച്ചിട്ടില്ല. സർക്കാരിൽ നിന്ന് ഇതുസംബന്ധിച്ച നിർദ്ദേശം ലഭിക്കാത്തതിനാൽ ഉദ്യോഗസ്ഥർ ബില്ല് വാങ്ങി വയ്ക്കാൻ പോലും തയ്യാറാകുന്നില്ല. ഒടുവിൽ മാസങ്ങളുടെ ഇലക്ട്രിസിറ്റി ബില്ലും തങ്ങൾ അടയ്ക്കേണ്ടി വരുമോയെന്ന ആശങ്കയിലാണ് ഓഡിറ്റോറിയം ഉടമകൾ.

 ഇപ്പോഴത്തെ അവസ്ഥ

1. കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററാക്കാൻ ജില്ലയിൽ അഞ്ച് സ്വകാര്യ ഓഡിറ്റോറിയങ്ങളാണ് റവന്യൂ വകുപ്പ് ഏറ്റെടുത്ത് തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകിയത്

2. പൊടി തട്ടാനും തൂക്കാനും പോലും താക്കോൽ കൊടുക്കുന്നില്ല

3. ഇനി തുറക്കുമ്പോൾ എന്താകും സ്ഥിതിയെന്ന് ഓർത്ത് വിഷമിക്കുകയാണിവർ

4. ലോക്ക് ഡൗൺ ചട്ടങ്ങളിൽ ഇളവ് വന്നതോടെ മറ്റ് ഓഡിറ്റോറിയങ്ങളിൽ ആൾക്കൂട്ടമില്ലാതെ വിവാഹങ്ങളും ചടങ്ങുകളും നടക്കുന്നുണ്ട്

5. ബുക്കിംഗ് പ്രതീക്ഷിച്ചിരിക്കുമ്പോഴാണ് ഓഡിറ്റോറിയങ്ങൾ സർക്കാർ ഏറ്റെടുത്തത്

ഏറ്റെടുത്ത ഓഡിറ്റോറിയങ്ങൾ: 5

''

മാസങ്ങളായി നയാ പൈസ വരുമാനമില്ല. ഓണത്തിന് ബോണസ് പോലും കിട്ടിയില്ല. എത്രയും വേഗം ഓഡിറ്റോറിയങ്ങൾ വിട്ടുനൽകി ജോലി ചെയ്യാനുള്ള സാഹചര്യം ഉണ്ടാക്കണം.

സിന്ധു, ഓഡിറ്റോറിയം ജീവനക്കാരി