ശാസ്താംകോട്ട: പോരുവഴി ഗ്രാമപഞ്ചായത്തിൽ ജലജീവൻ മിഷൻ പദ്ധതി കോവൂർ കുഞ്ഞുമോൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കുടിവെള്ള ക്ഷാമം രൂക്ഷമായ പ്രദേശങ്ങളിലെ ജല ലഭ്യത ഉറപ്പു വരുത്തുന്ന പദ്ധതി കേന്ദ്ര സംസ്ഥാന സർക്കാരും പഞ്ചായത്തും സംയുക്തമായാണ് നടപ്പാക്കുന്നത്. പദ്ധതി ചെലവിന്റെ നാൽപ്പത് ശതമാനം കേന്ദ്ര സർക്കാരും മുപ്പതു ശതമാനം സംസ്ഥാന സർക്കാരും ഇരുപത് ശതമാനം ഗ്രാമ പഞ്ചായത്തും പത്ത് ശതമാനം ഗുണഭോക്താവുമാണ് വഹിക്കുന്നത്. പദ്ധതിയുടെ ആദ്യഘട്ടത്തിൽ പോരുവഴി ഗ്രാമപഞ്ചായത്തിലെ 550 വീടുകളിൽ കുടിവെള്ള കണക്ഷൻ ലഭ്യമാക്കും. ഇടയ്ക്കാട് നടന്ന ചങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജയാ പ്രസന്നൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിനീഷ്, ഗ്രാമ പഞ്ചായത്ത് അംഗം എസ്.ഷീജ, ജല അതോറിട്ടി അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനീയർ റോയി തുടങ്ങിയവർ പങ്കെടുത്തു.