 
പുനലൂർ: പമ്പയാറ്റിലെ കുത്തൊഴുക്കിൽപ്പെട്ട വൃദ്ധനെ തിരയുന്നതിനിടെ വെള്ളത്തിൽ മുങ്ങി മരിച്ച പത്തനംതിട്ടയിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർക്ക് ജില്ലാ അഗ്നി രക്ഷാ സേനയുടെ കണ്ണീരിൽ കുതിർന്ന ആദരം. പത്തനംതിട്ട ഫയർ സ്റ്റേഷനിലെ ജിവനക്കാരനായ തിരുവനന്തപുരം, ഒറ്റമംഗലം മണലുവിളാകം ശരത് വിലാസത്തിൽ ആർ.ആർ. ശരത്തി (30)നാണ് പുനലൂർ ഫയർ സ്റ്റേഷൻ ഗ്രൗണ്ടിൽ ജില്ല ഫയർ സ്റ്റേഷൻ ജിവനക്കാരുടെ നേതൃത്വത്തിൽ ആദരവ് നൽകിയത്.ഇന്നലെ ഉച്ചക്ക് 12.30 ഓടെയാണ് പത്തനംതിട്ടയിൽ നിന്നും ശരത്തിന്റെ ഭൗതികശരീരവും വഹിച്ചുകൊണ്ടുളള വാഹന വ്യൂഹം വിലാപയാത്രയായി പുനലൂരിലെ ഫയർ സ്റ്റേഷൻ ഗ്രൗണ്ടിൽ എത്തിയത്. റാന്നി മാടമൺ വള്ളക്കടവിന് സമിപത്തെ പമ്പയാറ്റിൽ കുളിച്ചു കൊണ്ടിരുന്ന ചൂര പ്ലാക്കൽ സ്വദേശി ശിവൻ (60) ഒഴുക്കിൽപ്പെട്ട വിവരം അറിഞ്ഞു സഹപ്രവർത്തകർക്കൊപ്പം ആറ്റിൽ രക്ഷാപ്രവർത്തനം നടത്തുന്നതിടെ സമീപത്തെ ഡിങ്കി അണക്കെട്ടിൽ ജീവനക്കാർ അകപ്പെടുകയായിരുന്നു. എന്നാൽ മറ്റുള്ളവർ രക്ഷപ്പെട്ടെങ്കിലും കരക്ക് കയറാൻ കഴിയാതെ ശക്തമായ കുത്തൊഴുക്കിൽപ്പെട്ട ശരത്തിന്റെ ജീവൻ നഷ്ടപ്പെടുകയായിരുന്നു. തുടർന്നാണ് പത്തനംതിട്ട, കൊല്ലം ഫയർ സ്റ്റേഷനിലെ ഓഫീസറന്മാരുടെ നേതൃത്വത്തിൽ മൃതദേഹം പുനലൂർ അഗ്നിരക്ഷാ നിലയത്തിൽ ഇന്നലെ ഉച്ചയോടെ എത്തിച്ചത്. ജില്ലാ ഫയർ സ്റ്റേഷൻ ഓഫീസർക്ക് വേണ്ടി പത്തനാപുരം സ്റ്റേഷൻ ഓഫീസർ ഗിരീഷ് കുമാർ, പുനലൂർ സ്റ്റേഷൻ ഓഫീസർ ഇൻ ചാർജ് സാബു, വാർഡ് കൗൺസിലർ ജി.ജയപ്രകാശ്, അസോസിയേഷൻ നേതാക്കൾ തുടങ്ങി ജില്ലയിലെ 11അഗ്നിരക്ഷാ നിലയത്തിലേയും ജീവനക്കാർ കൊവിഡ് പ്രതിസന്ധിയിലും പരേതന് അന്ത്യോപചാരം അർപ്പിക്കാൻ എത്തിയിരുന്നു.ഉച്ചക്ക് ശേഷം വിലാപയാത്രയായി തിരുവനന്തപുരത്തെ ഹെഡ് ഹോട്ടേർസിൽ പൊതുദർശനത്തിന് വച്ച ഭൗതീക ശരീരം വൈകിട്ടു വീട്ടുവളപ്പിൽ സംസ്‌കരിച്ചു. പരേതന്റെ ഭാര്യ: അഖില. മകൻ അഥർവ്വ്.