
45 രൂപയ്ക്ക് സവാള വില്പന തുടങ്ങി
കൊല്ലം: കുതിച്ചുയരുന്ന സവാളവില പിടിച്ചുകെട്ടാനുള്ള നടപടി ഹോർട്ടികോർപ്പ് ആരംഭിച്ചു. ഹോർട്ടികോർപ്പ് ഔട്ട് ലെറ്റുകളിൽ ഇന്നലെ മുതൽ ഒരു കിലോ സവാള 45 രൂപയ്ക്ക് വില്പന തുടങ്ങി. പൊതുവിപണിയിൽ സവാള വില ഇന്നലെ 95ൽ എത്തി നിൽക്കുമ്പോഴാണ് ഹോർട്ടികോർപ്പിന്റെ വിപണി ഇടപെടൽ. പൊതുവിപണിയിലെ വിലനിലവാരം പരിശോധിച്ച ശേഷം വരും ദിവസങ്ങളിൽ ആവശ്യമെങ്കിൽ വില കൂടുതൽ താഴ്ത്തും. പൂനെയിൽ നിന്ന് നാഫെഡ് സംഭരിച്ച് എത്തിക്കുന്ന സവാളയാണ് ഇപ്പോൾ വിൽക്കുന്നത്. ഇപ്പോൾ ഒരു ഉപഭോക്താവിന് ഒരു കിലോ സവാള മാത്രമാണ് നൽകുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ സ്റ്റോക്ക് എത്തിക്കും. സപ്ലൈകോ ഔട്ട് ലെറ്റുകളിൽ മാസങ്ങളായി സവാളയില്ല. ഹോർട്ടി കോർപ്പിൽ നിന്ന് സവാള വാങ്ങി വില്പന നടത്താൻ സപ്ലൈകോ ഡിപ്പോ മാനേജർമാർക്ക് എം.ഡി നിർദ്ദേശം നൽകിയിട്ടില്ല. അതുകൂടിയാകുമ്പോൾ പൊതുവിപണയിൽ സവാള വില വേഗത്തിൽ ഇടിയുമെന്നാണ് പ്രതീക്ഷ.
പരിശോധനയുമായി ഭക്ഷ്യവകുപ്പ്
സവാളയ്ക്ക് അമിത വില ഈടാക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ താലൂക്ക് സപ്ലൈ ഓഫീസർമാരുടെ നേതൃത്വത്തിൽ ഇന്നലെ പൊതുവിപണിയിൽ പരിശോധന നടത്തി. 25 ഓളം സ്ഥാപനങ്ങളിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും തുടരും.
കൊച്ചുള്ളിയുടെ കാര്യത്തിൽ തീരുമാനമില്ല
കൊച്ചുള്ളിയുടെ വില ഇന്നലെ 105 മുതൽ 110 വരെയായി. എന്നാൽ ഹോർട്ടികോർപ്പ് അടക്കമുള്ള ഏജൻസികൾ ഇടപെടൽ തുടങ്ങിയിട്ടില്ല. ഹോർട്ടികോർപ്പ് ഇന്നലെ 98 രൂപയ്ക്കാണ് കൊച്ചുള്ളി വിറ്റത്. കഴിഞ്ഞയാഴ്ച പൊതുവിപണിയിൽ 85 രൂപയായിരുന്നു. അതിന് മുൻപ് 55 ആയിരുന്നു വില.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൃഷി നാശം
കഴിഞ്ഞയാഴ്ച മുതലാണ് സവാള വില കുതിച്ചു തുടങ്ങിയത്. ഈമാസം ആദ്യം കിലോയ്ക്ക് 50 രൂപയായിരുന്ന സവാള വില കഴിഞ്ഞയാഴ്ച 70ൽ എത്തി. ഈയാഴ്ച ഓരോ ദിവസവും വില ഉയർന്നാണ് ഇന്നലെ 95ൽ എത്തിയത്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെ തുടർന്നുണ്ടായ കൃഷി നാശമാണ് വിലവർദ്ധനവിന്റെ കാരണമായി പറയുന്നത്.
സവാള വിലയിലെ മാറ്റം
സീസൺ - വില
ആഗസ്റ്റ് ആദ്യം- 20
ഓണക്കാലം- 25
ഈമാസം ആദ്യം- 50
കഴിഞ്ഞയാഴ്ച -70
ഇന്നലെ- 95