 
മൺറോത്തുരുത്ത്: അതിരൂക്ഷമായ പാരിസ്ഥിതികാഘാതം നേരിടുന്ന മൺറോത്തുരുത്തിന്റെ സമഗ്ര വികസനത്തിനായി ജില്ലാ ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെയും നഗര - ഗ്രാമാസൂത്രണ വകുപ്പിന്റെ സാങ്കേതിക സഹായത്തോടെയും തയ്യാറാക്കിയ കരട് മാസ്റ്റർ പ്ലാൻ ജില്ലാ ടൗൺ പ്ലാനർ എം.വി. ഷാരി മൺറോത്തുരുത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബിനു കരുണാകരന് സമർപ്പിച്ചു. ഗ്രാമ പഞ്ചായത്തിൽ നടന്ന ചടങ്ങിൽ ജില്ലാ അസി. ടൗൺ പ്ലാനർ വിഷ്ണു രവിമൂർത്തി, എൻ. പ്രിയ തുടങ്ങിയവരും പങ്കെടുത്തു.
ഗ്രാമീണ വിനോദ സഞ്ചാരത്തിന് ഊന്നൽ നൽകുന്ന തരത്തിൽ ആവാസമേഖലയ്ക്ക് അനുയോജ്യയമായ രീതിയിൽ ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ, താഴ്ന്നകരയിലുള്ള അൻപത് ശതമാനം പേരെ തുരുത്തിലെ 26 ശതമാനം ഉയർന്ന പ്രദേശത്തേക്ക് മാറ്റിപ്പാർപ്പിക്കൽ, പരമ്പരാഗത തീരദേശവാസികൾക്കായി ഭാരം കുറഞ്ഞ വസ്തുക്കൾ ഉപയോഗിച്ചുള്ള വീട് നിർമ്മാണം, കൃഷി, മൃഗസംരക്ഷണം, പരമ്പരാഗത വ്യവസായങ്ങൾ എന്നിവയുടെ വികസനം മുതലായവയാണ് മാസ്റ്റർ പ്ളാനിലൂടെ ലക്ഷ്യമിടുന്നത്.