
 മത്സ്യത്തൊഴിലാളിയെ കടലിൽ കാണാതായി അഞ്ച് ദിവസം പിന്നിടുന്നു
കൊല്ലം: റോയിയുടെ പിഞ്ചുമക്കൾ കാത്തിരിപ്പിലാണ്, കണ്ണുനിറഞ്ഞ്, അപ്പച്ചനെത്തുന്നതും കാത്ത്. മത്സ്യത്തൊഴിലാളിയായ റോയിയെ കടലിൽ കാണാതായി അഞ്ചുദിവസം പിന്നിടുമ്പോഴും കണ്ണീരോടെ കാത്തിരിക്കുകയാണ് കുടുംബം.
പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനി വെളിച്ചം നഗർ 84ൽ റോയി (37) ഇക്കഴിഞ്ഞ 19നാണ് തങ്കശേരി തുറമുഖത്ത് നിന്ന് തങ്കശേരി സ്വദേശി ജോൺസന്റെ 'നല്ല ഇടയൻ' എന്ന വള്ളത്തിൽ രാജൻ, ജെയിംസ് എന്നിവർക്കൊപ്പം മത്സ്യബന്ധനത്തിന് പോയത്. തീരത്ത് നിന്ന് 12 നോട്ടിക്കൽ മൈൽ അകലെ മത്സ്യബന്ധനം നടത്തുന്നതിനിടെ റോയി കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്രൽ പൊലീസും മറൈൻ എൻഫോഴ്സെന്റും രണ്ട് ദിവസം കാര്യമായ തെരച്ചിൽ നടത്തിയെങ്കിലും റോയിയെ കണ്ടെത്താനായില്ല. മത്സ്യത്തൊഴിലാളികൾ ഇന്നലെയും കടലിൽ തെരച്ചിൽ നടത്തിയിരുന്നു.
രണ്ട് പിഞ്ചുകുഞ്ഞുങ്ങളും ഭാര്യയും അടങ്ങുന്ന കുടുംബത്തിന്റെ ഏക അത്താണിയാണ് റോയി. പള്ളിത്തോട്ടം ക്യു.എസ്.എസ് കോളനിയിൽ ലൈഫ് പാർപ്പിട പദ്ധതിയുടെ വീട് നിർമ്മാണത്തിനായി ഉണ്ടായിരുന്ന വീട് പൊളിച്ചുമാറ്റിയതിനാൽ കഴിഞ്ഞ ഒന്നര വർഷമായി കാക്കത്തോപ്പിൽ കളിയിക്കൽ കടപ്പുറത്തെ വാടക വീട്ടിലാണ് റോയി കുടുംബവുമായി താമസം. രണ്ട് സഹോദരിമാരുടെ വിവാഹവും ഒരുവർഷം മുമ്പ് മരണപ്പെട്ട അച്ഛന്റെ ചികിത്സയുമൊക്കെയായി അഞ്ച് ലക്ഷത്തോളം രൂപയുടെ കടബാദ്ധ്യത നിലനിൽക്കെയാണ് റോയിക്ക് അപകടം പിണഞ്ഞത്.
ഏകമകനെ കടലമ്മ തിരികെ തരുമെന്ന പ്രതീക്ഷയിലാണ് മാതാവായ റീറ്റ. ആദ്യ രണ്ട് ദിവസം തെരച്ചിൽ നടന്നെങ്കിലും പിന്നീട് കാര്യമായ അന്വേഷണമുണ്ടായില്ലെന്ന് റോയിയുടെ ഭാര്യ സൗമ്യയും സഹോദരിമാരായ ഷെറിനും ജയയും പറയുന്നു. തെരച്ചിലിന് നേവിയുടെയോ കോസ്റ്റ് ഗാർഡിന്റെയോ സഹായം തേടാത്തതിൽ തീരദേശവാസികൾ കടുത്ത പ്രതിഷേധത്തിലാണ്.