covid

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 100 കടന്നു. ജില്ലാ ഭരണകൂടത്തിന്റെ കണക്കനുസരിച്ച് ജില്ലയിൽ ഇതുവരെ 102 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. നിരവധി പേരുടെ അന്തിമ പരിശോധനാഫലം ഇനിയും വരാനുണ്ട്. എന്നാൽ സംസ്ഥാന ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 95 പേരാണ് ജില്ലയിൽ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. തിരുവനന്തപുരത്താണ് ഏറ്റവും കൂടുതൽ മരണം(371). സംസ്ഥാനത്ത് ഇതുവരെ 1255 കൊവിഡ് മരണങ്ങളാണ് സ്ഥിരീകരിച്ചത്.

671 പേർക്ക് കൊവിഡ്‌, 540 പേർക്ക് രോഗമുക്തി

കൊല്ലം: ജില്ലയിൽ ഇന്നലെ 671 പേർക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഒരു ആരോഗ്യ പ്രവർത്തകൻ ഉൾപ്പടെ 669 പേർക്കും സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഒരാൾ ഇതര സംസ്ഥാനത്ത് നിന്ന് വന്നതാണ്. മറ്റൊരാളുടെ രോഗ ഉറവിടം വ്യക്തമല്ല. കടപ്പാക്കട സ്വദേശിനി കാർത്ത്യായനി (87), വാഴത്തോട്ടം സ്വദേശി തങ്ങൾകുഞ്ഞ് (70) എന്നിവരുടെ മരണകാരണം കൊവിഡാണെന്ന് ഇന്നലെ സ്ഥിരീകരിച്ചു. ജില്ലയിൽ ഇന്നലെ 540 പേർ രോഗമുക്തരായി.

മരിച്ചവരിൽ അധികവും 50നും 89നും ഇടയിൽ പ്രായമുള്ളവർ

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരിൽ അധികവും 50നും 89നും ഇടയിൽ പ്രായമുള്ളവരാണെന്ന് വിദഗ്ദ്ധ സമിതിയുടെ കണ്ടെത്തൽ. സർക്കാർ, സ്വകാര്യ ആശുപത്രികളിൽ നടന്ന മരണങ്ങൾ ഓഡിറ്റ് ചെയ്‌താണ് വിദഗ്ദ്ധ സമിതി തീരുമാനത്തിലെത്തിയത്. ഐ.സി.എം.ആർ പ്രോജക്ട് റിവ്യൂ കമ്മിറ്റി ചെയർമാനും ആർ.സി.സി ഹ്യൂമൻ എത്തിക്‌സ് കമ്മിറ്റി ചെയർമാനുമായ ഡോ. നരേന്ദ്രനാഥിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പാരിപ്പള്ളി മെഡി. കോളേജ് പ്രിൻസിപ്പൽ ഡോ. റോയി, തിരുവനന്തപുരം എസ്.എ.ടി ആശുപത്രി പീഡിയാട്രിക്‌സ് വിഭാഗം മേധാവി ഡോ. സന്തോഷ്, തിരുവനന്തപുരം മെഡി. കോളേജ് സൂപ്രണ്ട് ഡോ. ഷർമിദ്, ജില്ലാ മെഡി. ഓഫീസർ ഡോ. ആർ. ശ്രീലത, ജില്ലാ സർവയിലൻസ് ഓഫീസർ ഡോ. ആർ. സന്ധ്യ, പാരിപ്പള്ളി മെഡി. കോളേജിലെ ഡോ. അനുജ എന്നിവരും സംഘത്തിലുണ്ടായിരുന്നു.

1. മരിച്ചവരിൽ സ്ത്രീകൾ 36 ശതമാനം

2. പ്രമേഹം, ഹൃദ്രോഗം ചികിത്സയെടുത്തിരുന്നവർ 50 ശതമാനം

3. രണ്ടോ അതിലധികമോ രോഗങ്ങൾക്ക് ചികിത്സയെടുത്തിരുന്നവർ 43 ശതമാനം

4. ഹൃദ്രോഗ ബാധിതരിലെ മരണ നിരക്ക് 28.5 ശതമാനം.

5. പ്രമേഹം, കാൻസർ എന്നീ രോഗങ്ങളുള്ളവരിലെ മരണ നിരക്ക് 50 ശതമാനം

6.കോവിഡ് മൂലമുള്ള ന്യുമോണിയ ബാധിച്ചവരിൽ മരണ നിരക്ക് 50 ശതമാനം