
കൊല്ലം: ഞാങ്കടവ് കുടിവെള്ള പദ്ധതിയുടെ ഭാഗമായുള്ള വസൂരിച്ചിറയിലെ ട്രീറ്റ്മെന്റ് പ്ലാന്റിന്റെ നിർമ്മാണം തുടങ്ങി. കരാറുകാരനും നിർവഹണ ഏജൻസിയും തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് പ്രതിസന്ധിയിലായ പ്ളാന്റാണ് ഇപ്പോൾ യാഥാർത്ഥ്യമാകുന്നത്. 18 മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകും. തർക്കമില്ലായിരുന്നെങ്കിൽ പ്ലാന്റിന്റെ 50 ശതമാനം നിർമ്മാണമെങ്കിലും ഇപ്പോൾ പൂർത്തിയായേനെ.
പ്ളാന്റ് നിർമ്മാണത്തെ ചൊല്ലി വാട്ടർ അതോറിറ്റിയുമായി ഉടലെടുത്ത തർക്കത്തെ തുടർന്ന് കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചിരുന്നു. കേസ് നീണ്ടാൽ പദ്ധതി അവതാളത്തിലാകുമെന്നതിനാൽ മന്ത്രി ജെ. മേഴ്സിക്കുട്ടിഅമ്മ, വാട്ടർ അതോറിറ്റി എം.ഡി, അമൃത് അധികൃതർ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക ചർച്ച നടന്നിരുന്നു. ഈ ചർച്ചയിൽ തർക്കം പരിഹരിക്കാൻ എൻ.ഐ.ടിയിലെയും ഐ.ഐ.ടിയിലെയും പ്രൊഫസർമാരടങ്ങിയ വിദഗ്ദ്ധസമിതിയെ നിയോഗിച്ചു. കരാറുകാരന്റെ വാദം സമിതി ശരിവച്ചതോടെയാണ് കേസ് അവസാനിപ്പിച്ച് നിർമ്മാണം തുടങ്ങിയത്.
 പൈലിംഗിൽ ഉടക്കി, കോടതി കയറി
കല്ലടയാറ്റിലെ ഞാങ്കടവിൽ നിന്നെത്തിക്കുന്ന ജലം ശുദ്ധീകരിക്കാനാണ് വസൂരിച്ചിറയിൽ ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നത്. വിവിധ നിലകളിലായി ഫിൽട്ടർ യൂണിറ്റ്, 45 ലക്ഷം ലിറ്ററിന്റെ സംഭരണ ടാങ്ക്, ഫിൽട്ടർ ഹൗസ്, അഡ്മിനിസ്ട്രേഷൻ ബ്ലോക്ക്, ലാബ് എന്നിവയടങ്ങിയതാണ് പ്ലാന്റ് സമുച്ചയം. ചതുപ്പ് പ്രദേശമായതിനാൽ 42.5 മീറ്റർ ആഴത്തിൽ പൈൽ ചെയ്ത ശേഷം മുകളിലേക്ക് നിർമ്മാണം നടത്തുന്നതിനുള്ള രൂപരേഖയാണ് നിർവഹണ ഏജൻസിയായ ജല അതോറിറ്റി തയ്യാറാക്കിയത്.
ഇതുപ്രകാരം 54 കോടി രൂപയുടെ എസ്റ്റിമേറ്റിലാണ് ടെണ്ടർ ചെയ്തത്. എന്നാൽ 43 കോടിക്ക് കരാറേറ്റെടുത്ത നിർമ്മാണ കമ്പനി 12 മീറ്റർ ആഴത്തിൽ പൈൽ ചെയ്താൽ മതിയെന്ന നിലപാടിലായിരുന്നു. പൈലിംഗിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് വാട്ടർ അതോറിറ്റി അറിയിച്ചതോടെ കരാറുകാരൻ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
വസൂരിച്ചിറയിലെ പ്ലാന്റിന്റെ ശേഷി: 100 എം.എൽ.ഡി
നിർമ്മാണ ചെലവ്: 57 കോടി