
കൊല്ലം: കാതടപ്പിക്കുന്ന ശബ്ദത്തിൽ ഇരുചക്രവാഹനങ്ങളിലും കാറുകളിലും പറക്കുന്നവർ ഇനി കുടുങ്ങും. അനുവദനീയമായതിൽ കൂടുതൽ ശബ്ദം പുറപ്പെടുവിക്കുന്ന വാഹനങ്ങൾ പൊക്കാൻ കൊല്ലം ട്രാഫിക് എൻഫോഴ്സ്മെന്റ് യൂണിറ്റിൽ സൗണ്ട് ലെവൽ മീറ്ററെത്തി.
ഈ സംവിധാനം ഉപയോഗിച്ച് തുടക്കദിനമായ ഇന്നലെ മാത്രം സൈലൻസറിൽ രൂപഭേദം വരുത്തി ശബ്ദവ്യത്യാസമുണ്ടാക്കിയ അര ഡസൻ വാഹനങ്ങളാണ് പൊലീസ് കൈയോടെ പൊക്കിയത്. ബുള്ളറ്റ് ബൈക്കുകളാണ് അധികവും പിടിയിലായത്. നൂറ് ഡെസിബെലിന് മുകളിൽ ശബ്ദമുള്ള വാഹനങ്ങളാണ് പിടിക്കപ്പെട്ടത്.
പിടിയിലായവരിൽ നിന്ന് 2000 രൂപ വീതം പിഴ ഈടാക്കിയതായി ട്രാഫിക് എൻഫോഴ്സ്‌മെന്റ് എസ്.ഐ പി. പ്രദീപ് വെളിപ്പെടുത്തി. വാഹനങ്ങൾക്ക് അനുവദനീയമായ ശബ്ദപരിധി 80 ഡെസിബെലാണ്. അതിന് മുകളിൽ ശബ്ദമുള്ള വാഹനങ്ങളാണ് പിടിക്കപ്പെടുന്നത്. വരുംദിവസങ്ങളിലും നഗരത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് അറിയിച്ചു.